ന്യൂസ് ഡെസ്ക് മലയാളം യുകെ
എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരൻ മൂന്ന് ആഴ്ചയായി ആശുപത്രിയിൽ ആണെന്നത് വിൻസർ കൊട്ടാരത്തെ കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് 99 കാരനായ രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റേതോ അവയവത്തെ ബാധിച്ച ഇൻഫെക്ഷൻ ഹൃദയത്തെ കൂടി സാരമായി ബാധിക്കുകയായിരുന്നു എന്നാണ് വിവരം. ആറ് ആഴ്ചയോളം ചികിത്സ വേണ്ടിവന്നേക്കാം.
സെൻട്രൽ ലണ്ടനിലെ പ്രൈവറ്റ് കിംഗ് എഡ്വാർഡ് 7 ഹോസ്പിറ്റലിൽ നിന്ന് രാവിലെ 11 മണിയോടെ സെന്റ് പോൾ കത്തീഡ്രലിന് അടുത്തുള്ള ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ആശുപത്രിയായ സെന്റ് ബാർത്തലോമിവി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കടത്തുമ്പോൾ പ്രഭുവിന്റെ സ്വകാര്യത മാനിച്ച് ഉദ്യോഗസ്ഥർ മുകൾ വശത്തായി കുട നിവർത്തി പിടിച്ചിരുന്നു.
പ്രഭുവിന്റെ കുടുംബവും ഉദ്യോഗസ്ഥ വൃന്ദവും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്ന് രാജകൊട്ടാരത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണ മഹാമാരി തുടങ്ങി 11 മാസത്തിന് ശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന പ്രഭു പൊതുവേ ആരോഗ്യവാനാണ്. ഒരു ദിവസത്തിനുള്ളിൽ തിരികെ വീട്ടിൽ എത്താം എന്നായിരുന്നു പ്രതീക്ഷ എങ്കിലും നാല് മുതൽ ആറ് ആഴ്ച വരെ ചികിത്സയ്ക്ക് വേണ്ടി വന്നേക്കാം. “അദ്ദേഹം ഉടൻ സുഖം പ്രാപിക്കും എന്നാണ് പ്രതീക്ഷ” പ്രഭുവിന്റെ ചുമതലയുള്ള ഡോക്ടർ പറഞ്ഞു.
Leave a Reply