സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് അപകടത്തില്‍ പരിക്കേറ്റ സ്ത്രീകളോട് മാപ്പു പറഞ്ഞ് ഫിലിപ്പ് രാജകുമാരന്‍. താന്‍ ഡ്രൈവ് ചെയ്തിരുന്ന ലാന്‍ഡ് റോവര്‍ കൂട്ടിയിടിച്ച കിയ കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും എഴുതിയ കത്തിലാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഖേദപ്രകടനം നടത്തിയത്. എല്ലി ടൗണ്‍സെന്‍ഡ്, എമ്മ ഫെയര്‍വെതര്‍ എന്നീ സ്ത്രീകളായിരുന്നു അപകടത്തില്‍പ്പെട്ട കിയ കാരെന്‍സ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. 97 കാരനായ ഫിലിപ്പ് രാജകുമാരനെ വാഹനമോടിക്കാന്‍ അനുവദിച്ചതില്‍ ബക്കിംഗ്ഹാം കൊട്ടാരവും കേസ് കൈകാര്യം ചെയ്ത രീതിയില്‍ പോലീസും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അപകടത്തിന് രണ്ടു ദിവസം മുമ്പ് അപകടത്തില്‍പ്പെട്ട ലാന്‍ഡ് റോവറില്‍ പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
തന്റെ വാഹനത്തിനു നേരെ വരികയായിരുന്ന കാര്‍ കാണുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് കിയയുടെ ഡ്രൈവറായിരുന്ന ഫെയര്‍വെതറിന് എഴുതിയ കത്തില്‍ ഫിലിപ്പ് പറഞ്ഞു. വിന്റര്‍ വെയിലിന്റെ തീക്ഷ്ണതയാണ് തന്റെ കാഴ്ചയെ ബാധിച്ചതെന്നും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് വാദിക്കുന്നു. ഈ ദുരനുഭവത്തില്‍ നിന്ന് എത്രയും വേഗത്തില്‍ മുക്തിയുണ്ടാകട്ടെയെന്നും കഴിഞ്ഞുപോയ സംഭവത്തില്‍ അഗാധമായ ദുഃഖം തനിക്കുണ്ടെന്നും അദ്ദേഹം കത്തില്‍ എഴുതി. അപകടത്തില്‍ കരണം മറിഞ്ഞ ലാന്‍ഡ് റോവറിന്റെ സണ്‍റൂഫില്‍ കൂടിയാണ് ഫിലിപ്പ് രാജകുമാരനെ പുറത്തെടുത്തത്. അപകടത്തിന്റെ ഞെട്ടലിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17നായിരുന്നു അപകടം. ഇതില്‍ ഫിലിപ്പ് രാജകുമാരന്‍ പോലീസിന് തന്റെ മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അശ്രദ്ധമായ ഡ്രൈവിംഗിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ജനുവരി 21ന് പുറത്തുവിട്ട കത്ത് സണ്‍ഡേ മിററാണ് പ്രസിദ്ധീകരിച്ചത്. തന്നെ കാറിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ വഴിയാത്രക്കാര്‍ക്കും അദ്ദേഹം പ്രത്യേകം കത്തുകള്‍ എഴുതിയിട്ടുണ്ട്. കിയ ഓടിച്ചിരുന്ന ഫെയര്‍വെതറിന്റെ കയ്യുടെ അസ്ഥി അപകടത്തില്‍ പൊട്ടിയിരുന്നു. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന് പുതിയ ലാന്‍ഡ്‌റോവര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. ഇതുമായി അദ്ദേഹം റോഡിലിറങ്ങിയതിനെ ഫെയര്‍വെതര്‍ വിമര്‍ശിച്ചിരുന്നു.
Leave a Reply