ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വെയിൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി പൂർത്തീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. കെൻസിംഗ്ടൺ പാലസ് പുറത്തുവിട്ട കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സ്വകാര്യ വീഡിയോയിലാണ് കെയ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ക്യാൻസർ ചികിത്സയിൽ ആണെന്നും അതിനാൽ തന്നെ പൊതുജന ശ്രദ്ധയിൽ നിന്നും മാറി നിൽക്കുകയാണെന്നും വ്യക്തമാക്കി കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അവസാനം കെയ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ കെയ്റ്റ് ഭർത്താവായ വില്യം രാജകുമാരനോടും മക്കളായ ജോർജ്, ഷാർലറ്റ് , ലൂയിസ് എന്നിവരോടും ഒപ്പം നോർഫോക്കിൽ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 9 മാസങ്ങൾ ഒരു കുടുംബം എന്ന നിലയിൽ തങ്ങൾക്ക് അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും, എന്നാൽ അതിൽ നിന്നെല്ലാം ശക്തമായി തന്നെ തങ്ങൾ പുറത്തുവരികയാണെന്നും രാജകുമാരി വീഡിയോയിൽ പറയുന്നു. കെയ്റ്റിന്റെ പുതിയ വീഡിയോ രോഗത്തിൽ നിന്നുള്ള പുരോഗതിയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് എന്നാണ് കെയ്റ്റ് തന്നെ വ്യക്തമാക്കുന്നത്. കെയ്റ്റ് രാജകുമാരി ക്യാൻസർ വിമുക്തയാണോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.

തന്റെ ക്യാൻസർ അനുഭവത്തെ സങ്കീർണ്ണവും ഭയാനകവും പ്രവചനാതീതവും ആയാണ് രാജകുമാരി വീഡിയോയിൽ സൂചിപ്പിക്കുന്നത്. ഇതുവരെയും തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളെ തങ്ങൾ ഒരുമിച്ച് നേരിട്ടതായും തികച്ചും സ്വകാര്യമായ വീഡിയോയിൽ രാജകുമാരി വ്യക്തമാക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ചില ചടങ്ങുകളിൽ രാജകുമാരി പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തൻ്റെ വീഡിയോ അപ്‌ഡേറ്റിൽ, കെയ്റ്റ് പൊതുജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയുകയും സ്വന്തം ക്യാൻസർ യാത്രകളിലൂടെ കടന്നു പോകുന്നവരോടുള്ള പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. കെയ്റ്റിൻ്റെ മാതാപിതാക്കളായ കരോളും മൈക്കൽ മിഡിൽടണും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവേ ശുഭ സൂചനയാണ് ഈ വീഡിയോ പൊതുജനങ്ങൾക്ക് മുൻപിൽ നൽകുന്നത്. എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് കെയ്റ്റ് മടങ്ങിവരുമെന്നാണ് കൊട്ടാരം അധികൃതരും നൽകുന്ന സൂചനകൾ.