സിഡ്‌നി: അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്. പന്തുമായി ഓസ്‌ട്രേലിയയുടെ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ആന്‍ഡ്രൂ ടൈ. ബാറ്റിംഗ് ക്രീസില്‍ ഇന്ത്യയുടെ പഴയ പടക്കുതിര യുവരാജ് സിംഗ്. കളി ഓസ്‌ട്രേലിയ ജയിച്ചു എന്ന് കരുതിയ നിമിഷം. എന്നാല്‍ ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു യുവരാജിന്റെ കളി. ഒന്നാം പന്ത് ഫോര്‍. രണ്ടാം പന്ത് സിക്‌സ്. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റെയ്‌നയും ഗാംഭീരമാക്കിയതോടെ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി.
ജയിക്കാന്‍ 198 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മിന്നും തുടക്കമാണ് കിട്ടിയത്. 3.2 ഓവറില്‍ ശിഖര്‍ ധവാന്‍ ഔട്ടാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 46. വെറും ഏട്ടേ എട്ട് പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം ശിഖര്‍ ധവാന്‍ അടിച്ചത് 26 റണ്‍സ്. 38 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം രോഹിത് ശര്‍മയും 50 റണ്‍സോടെ കോലിയും 49 നോട്ടൗട്ടുമായി സുരേഷ് റെയ്‌നയും കളം നിറഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പകരക്കാരന്‍ നായകന്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 71 പന്തുകള്‍ നേരിട്ട വാട്‌സന്‍ 10 ഫോറും 6 സിക്‌സും പറത്തി. ഹെഡ്, ഖ്വാജ, ലിന്‍ എന്നിവരും ഓസീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കോലി മാന്‍ ഓഫ് ദ സീരിസ്. പരമ്പര 3 – 0 ത്തിന് തൂത്തുവാരിയ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി. ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.