ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ പ്രൈമറി കെയർ നെറ്റ്‌വർക്കുകളിലെ ജനറൽ പ്രാക്ടീഷണറുമാർ ഇനി മുതൽ ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും , പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് ആറര മുതൽ എട്ടു വരെയും അധികമായി പ്രവർത്തിക്കണമെന്ന പുതിയ മാർഗനിർദേശം എൻ എച്ച് എസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബർ മാസം മുതലാണ് ഈ മാറ്റങ്ങൾ നിലവിൽ വരുക. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന അപ്പോയ്ന്റ്മെന്റുകളുടെ നീണ്ടനിര പരിഹരിക്കുവാൻ ആണ് പുതിയ മാറ്റങ്ങൾ ഏർപ്പെടുത്തുവാൻ എൻഎച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. ജനറൽ പ്രാക്ടീഷണർമാരുമായുള്ള പുതിയ കോൺട്രാക്ട് ആണ് എൻ എച്ച് എസ് ഈ തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി പേർക്ക് ഡോക്ടർമാരെ കാണുവാൻ സാധിക്കുന്നില്ല എന്നുള്ള പരാതിയെതുടർന്നാണ് ഈ നീക്കം. എന്നാൽ എൻഎച്ച്എസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

തങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെയുള്ള തീരുമാനത്തോട് എതിർപ്പുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി കമ്മറ്റി ചെയർ ഹെഡ് ഡോക്ടർ ഫറാ ജമീൽ വ്യക്തമാക്കി. മറ്റ് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും, അതൊന്നും തിരഞ്ഞെടുക്കാതെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ഈ നീക്കം തങ്ങളെ തികച്ചും ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നീക്കം രോഗികൾക്ക് ക്രമമായുള്ള ചെക്കപ്പിനും, വാക്സിനേഷനും, മറ്റ് ടെസ്റ്റുകൾക്ക് എല്ലാം കൂടുതൽ സൗകര്യപ്രദം ആകും എന്നാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. നിരവധി ജനറൽ പ്രാക്ടീഷണറുമാർ ഈ നീക്കത്തിനെതിരെ തങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.