ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ഉണ്ടാകാനിടയുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തടവുകാരെ ഉപയോഗിക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക്. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികളുടെ ക്ഷാമമുണ്ടാകാമെന്ന ആശങ്ക തടവുകാര്‍ക്കും തൊഴിലുടമകള്‍ക്കും പുതിയ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍, കൃഷി മേഖലകളിലുള്‍പ്പെടെ തടവുകാരെ ജോലിക്കാരായി നിയോഗിക്കാനാകും. ഈ മേഖലകളിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് കരുതുന്നത്. പുതിയ എജ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്ട്രാറ്റജി അടിവരയിട്ടുകൊണ്ടാണ് ജസ്റ്റിസ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
റിലീസ് ഓണ്‍ ടെംപററി ലൈസന്‍സ് ഫോര്‍ വര്‍ക്ക് (ROTL) കുറച്ചു കൂടി വിശാലമാക്കുന്നതോടെ കൂടുതല്‍ തടവുകാര്‍ക്ക് മോചനത്തിന് അവസരമാകുകയും അതിനൊപ്പം കുറഞ്ഞ കാലയളവിലേക്ക് വിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ തൊഴിലുമകള്‍ക്കും സാധിക്കും. വേണമെങ്കില്‍ സ്ഥിരം ജീവനക്കാരായി ഇവരെ നിയമിക്കാന്‍ കഴിയുമെന്നും ഗോക്ക് പറഞ്ഞു. തടവുകാരുടെ പുനരധിവാസമാണ് മുന്‍ഗണനകളില്‍ ഒന്നെന്ന് ജനുവരിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ ഗോക്ക് വ്യക്തമാക്കിയിരുന്നു.
സിവില്‍ സര്‍വീസിലേക്ക് ശിക്ഷ കഴിഞ്ഞിറങ്ങിയ മുന്‍ കുറ്റവാളികളെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റിനിടയില്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വിഷയമാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. ഒരു സാംസ്‌കാരിക മാറ്റത്തിനാണ് ഇതിലൂടെ താന്‍ ആഹ്വാനം നല്‍കുന്നതെന്നും ഗോക്ക് പറഞ്ഞു. ശിക്ഷ കഴിഞ്ഞ് വരുന്ന മുന്‍ കുറ്റവാളികളെ തൊഴിലിടങ്ങളില്‍ നിയോഗിക്കുന്നതിലൂടെ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 15 ബില്യന്‍ പൗണ്ട് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply