ലണ്ടന്‍: വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് യുകെയിലെ യിലുകളില്‍ കഴിയുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ നല്‍കി ജയില്‍ അധികൃതര്‍. ഇവരുടെ മക്കളെ കാണുന്നതിനുള്ള അവസരങ്ങള്‍ കുറച്ചുകൊണ്ടാണ് ഈ ക്രൂരമായ ശിക്ഷ നടപ്പാക്കുന്നത്. മാസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ജയില്‍പ്പുള്ളികള്‍ക്ക് തങ്ങളുടെ മക്കളെ കാണാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മാനസികാഘാതമുണ്ടാക്കുമെന്നും ജയില്‍ അന്തേവാസികളില്‍ തിരിച്ചടിക്കാനുള്ള തോന്നലിന് കാരണമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

2013ല്‍ അവതരിപ്പിച്ച പദ്ധതിയനുസരിച്ച് സന്ദര്‍ശകാനുമതിയുള്ള ജയില്‍പ്പുള്ളികള്‍ക്കു പോലും തങ്ങളുടെ കുട്ടികളെ കാണുന്നതിന് മാസം രണ്ട് മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇവരുടെ പെരുമാറ്റം തൃപ്തികരമാണെന്ന് വിലയിരുത്തിയാല്‍ സന്ദര്‍ശന സമയം നാല് മണിക്കൂറായി ഉയര്‍ത്തും. പെരുമാറ്റത്തിലെ മാറ്റം, വിദ്യാഭ്യാസം നേടാനുള്ള താല്‍പര്യം, മറ്റ് തടവുകാരെയും ജയില്‍ ജീവനക്കാരെയും സഹായിക്കാനുള്ള താല്‍പര്യം മുതലായ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇവരുടെ സ്റ്റാറ്റസ് മാറ്റുന്നത്.

എന്നാല്‍ ഈ രീതിയനുസരിച്ച് അനേകം ജയില്‍പ്പുള്ളികള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് സന്നദ്ധസംഘടനകള്‍ വിലയിരുത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാനുള്ള അടിസ്ഥാന യോഗ്യതയുള്ള തടവുകാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായപ്പോള്‍ അതില്‍ നിന്ന് സ്റ്റാറ്റസ് മെച്ചപ്പെടുത്തിയവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്. പുരുഷന്‍മാരായ തടവുകാരുടെ കാര്യത്തില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്.