ലൂസിഫർ തരംഗത്തിലാണ് സോഷ്യൽ ലോകം. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ യൂ ട്യൂബ് ടെൻഡിങ്ങിലടക്കം ഒന്നാമതെത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ മോഹൻലാൽ ആരാധക ഗ്രൂപ്പുകളിൽ മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലൂസിഫർ താരങ്ങളെല്ലാം എത്തുന്ന ചടങ്ങിൽ നിന്നുള്ള വിഡിയോയാണിത്. റെഡ് കാർപ്പെറ്റിലൂടെ താരങ്ങളോരോന്നായി നടന്നുവരുന്നു. ഇരുവശവും കൂടി നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി എല്ലാവരും നടന്നുപോവുകയാണ്. പൃഥ്വിരാജും ഇത്തരത്തിൽ നടന്നു വരുന്നതിനിടയിലാണ് തൊട്ടു പിന്നിൽ മോഹൻലാൽ എത്തുന്നത്. ആരാധകരുടെ ആവേശവും ആർപ്പുവിളിയും കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറി നിന്നു. പിന്നീട് മോഹൻലാൽ മുന്നിൽ പോയ ശേഷമാണ് പൃഥ്വി നടന്നു തുടങ്ങിയത്. ആരാധകൻ മൊബൈലിൽ പകർത്തിയ വിഡിയോ മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒരു യഥാർഥ ലാലേട്ടൻ ഫാൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
അതിനൊപ്പം ലൂസിഫർ പുറത്തിറങ്ങും മുന്‍പ് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് പുറത്ത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. 26-ാം പോസ്റ്ററിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. 27-ാം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Leave a Reply