മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബാഹുബലി’യേക്കാള്‍ വലിയ സ്‌കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍. ഇത് യഥാര്‍ത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മരക്കാറിനെക്കുറിച്ച് സംസാരിച്ചത്.
‘ഇത് ബാഹുബലിയെക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുക്കിയ ചിത്രമാണ്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മകന്‍ സിദ്ധാര്‍ഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാര്‍ ബോക്‌സ് ഓഫീസില്‍ കത്തിപ്പടരും എന്നാണ് പ്രതീക്ഷ’, പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
Leave a Reply