ജോജി തോമസ്
അടുത്ത ദിവസങ്ങളിൽ കേരളം വളരെയധികം ചർച്ച ചെയ്തതും, അതിശയത്തോടെ കണ്ടതുമായ ഒരു വാർത്തയാണ് 22 വയസ്സ് മാത്രമുള്ള ബിരുദാനന്തര പഠനം നടത്തുന്ന, അക്കാദമിക് തലത്തിൽ മുന്നിട്ടു നിന്നിരുന്ന ഗ്രാമീണ പശ്ചാത്തലമുള്ള ഒരു പെൺകുട്ടി കൊലപാതക കുറ്റത്തിന് ഇരുമ്പഴിക്കുള്ളിൽ ആയത്. പക്ഷേ പ്രസ്തുത സംഭവം കേരള സമൂഹം പ്രത്യേകിച്ച് സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങളിലേക്ക് ഉള്ള ചൂണ്ടുപലകയാണ് കാരണം ഗ്രീഷ്മ എന്ന പെൺകുട്ടിയെ ഒരു കൊലപാതകി ആക്കി മാറ്റിയതിൽ കേരളത്തിലെ സാമൂഹിക പാശ്ചാത്യ തലത്തിനും , അടുത്തകാലത്ത് നടന്ന പ്രണയ പകകൾ മൂലമുള്ള കൊലപാതകങ്ങൾക്കും വളരെ ശക്തമായ സ്വാധീനമുണ്ട്..
ഗ്രീഷ്മയെന്ന പെൺകുട്ടി സ്വന്തം കുടുംബത്തിനും കാമുകനും ഇടയിൽ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജാതിയുടെയും , സമ്പത്തിന്റെയും അന്തരങ്ങൾ ചൂണ്ടിക്കാട്ടി പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുന്ന കുടുംബവും അതിൻറെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്ന അമ്മയും ഒരു വശത്ത് സ്ത്രീക്ക് ബന്ധത്തിന് ഇഷ്ടമല്ലെങ്കിൽ ” No” പറയാൻ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കാതെ കടിച്ചു തൂങ്ങി കിടക്കുകയും, സൗഹൃദത്തിലായിരുന്നപ്പോൾ എടുത്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന കാമുകൻ മറുവശത്ത് നിൽക്കുമ്പോൾ ഉള്ള ധർമ്മസങ്കടത്തിൽ നിന്ന് ഉണ്ടായ അപക്വതയാണ് ഗ്രീഷ്മയെന്ന 22 വയസ്സുകാരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരുപക്ഷെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോൾ അടുത്തകാലത്ത് പ്രണയപ്പകകൾ മൂലം ജീവൻ നഷ്ടപ്പെട്ട പല പെൺകുട്ടികളുടെയും കഥകൾ ഗ്രീഷ്മയുടെ മനസ്സിലൂടെയും കടന്നു പോയിരിക്കാൻ സാധ്യതയുണ്ട്.
ഇവിടെ കുറ്റവാളിയുടെ സ്ഥാനത്ത് നിൽക്കുന്നത് സമൂഹം തന്നെയാണ്. കാരണം ജാതീയമായ വിഭാഗീയതകൾക്കും , അന്ധവിശ്വാസങ്ങൾക്കും ഇന്നും വിലകൽപ്പിക്കുകയും, ബന്ധത്തോട് ഒരു പെൺകുട്ടിക്ക് എപ്പോഴെങ്കിലും അരുത് പറയുകയോ, പിന്മാറാമെന്ന് തോന്നുകയോ ചെയ്താൽ അതിന് വിലകൽപ്പിക്കാത്ത പുരുഷന്റെ മാനസികാവസ്ഥയുമാണ് ഗ്രീഷ്മയെന്ന കുറ്റവാളിയെ സൃഷ്ടിച്ചത്.
Leave a Reply