പ്രൊഫ .ബാബു പൂഴിക്കുന്നേൽ
എൻറെ പ്രിയ സഹോദരി ജസ്ലി ജോൺസൺ പുത്തൻ കളത്തിൽ ഇന്ന് വെളുപ്പിന് (28 -02-2022) ഇംഗ്ലണ്ടിലെ പോർസ്മൗത്തിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു. ക്യാൻസർ രോഗത്തിൻ്റെ ചികിത്സയിലായിരുന്ന പ്രിയ ജസ്സി ആരോടും പരിഭവമില്ലാതെ, ഒന്നിനേക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് യാത്രയായി. ഞങ്ങളുടെ സഹോദര വല്ലരിയിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ആദ്യ പുഷ്പം.
ജെസ്സി എന്നേക്കാൾ രണ്ടു വയസ്സിന് ഇളയതാണ്. മൂത്ത സഹോദരങ്ങളെ ഒക്കെ ദുഃഖത്തിലാഴ്ത്തി ഞങ്ങളുടെ പെങ്ങൾ സ്വർഗ്ഗ തീരത്തേയ്ക്ക് യാത്രയാകുന്നു. ജീവിതത്തെ വളരെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു അവൾ . പഠിക്കണം, ജോലി സമ്പാദിക്കണം, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കണം ഇതെല്ലാം ചെറുപ്പകാലം മുതലുള്ള അവളുടെ ആഗ്രഹങ്ങളായിരുന്നു. ബി.സി.എമ്മിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്വർണ്ണഖനികളുടെ നാടായ കോളറിലാണ് അവൾ നേഴ്സിംഗ് പഠനം നടത്തിയത്. ബാംഗ്ലൂർക്കുള്ള ഐലൻ്റ് എക്സ്പ്രസിൽ കയറി ബംഗാരപ്പേട്ട എന്ന സ്റ്റേഷനിലിറങ്ങി കോളാറിലേക്കുള്ള ബസ് പിടിച്ച് പോയ ചിത്രങ്ങളൊക്കെ എൻറെ മനസ്സിൽ തെളിയുന്നു . ആദ്യമായി സാരിയുടുത്ത് ഇൻറർവ്യൂ വിജയിച്ച് അഡ്മിഷൻ കിട്ടിയ അഭിമാനത്തോടെ നാട്ടിലേയ്ക്ക് യാത്രയാക്കിയ ജസ്സിയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും എൻറെ മനസ്സിൽ ദീപ്തമാണ്. വിവാഹത്തിനുശേഷം കുവൈറ്റിലേയ്ക്കുള്ള വിസാ സ്റ്റാമ്പു ചെയ്യുവാൻ വേണ്ടി ഞാനും ജസ്സിയും കൂടി ബോംബെയിലെത്തി കറുകപ്പറമ്പിൽ ഫിലിപ്പ് ചേട്ടൻറെ വീട്ടിലും ലിസി ലാസറാഡോയുടെ ഫ്ലാറ്റിലും താമസിച്ച ഓർമ്മകൾ . …പിന്നീട് മകൾ ചിന്നുവിനെ വളർത്താൻ ഞങ്ങളെ ഏൽപ്പിച്ച അവൾ ബഹറിനിലേക്ക് കൂടുമാറിപ്പോകുമ്പോൾ ചിന്നുവിൻ്റെ ഒരു കുഞ്ഞുടുപ്പ് മണത്തു വിതുമ്പുന്ന ജസ്സിയുടെ ചിത്രവും ഞാൻ ഓർമ്മിക്കുന്നു.
2003-ൽ അവൾ പോർട്ട്സ് മൗത്തിലേക്ക് പറിച്ചു നടപ്പെട്ടു . യുകെയിലെ വാസം ജസ്സിക്ക് കൂടുതൽ ഉണർവും ഉന്മേഷവും നൽകി. ബ്രിട്ടീഷ് പൗരത്വം നേടി അവൾ സുരക്ഷിതയായി . 2010-ൽ പോർട്ട്സ് മൗത്തിലെ അവളുടെ സ്വന്തം വീട്ടിൽ രണ്ടാഴ്ചക്കാലം ഞാൻ താമസിക്കുകയുണ്ടായി. പള്ളിയിലെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എൻ്റെ പ്രിയ സഹോദരിയെ അഭിമാനത്തോടെ നോക്കിക്കണ്ടു. അവളുടെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ആ ഇംഗ്ലീഷ് പള്ളിയിൽ കുർബാന നൽകുന്ന വോളൻ്റിയേഴ്സിൻ്റെ ലീഡറായിരുന്നു അവൾ. പ്രാർത്ഥനയുടെ കൃപാവരത്തിൽ ആ കുടുംബമാകെ ചൈതന്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു . ചെറുപ്പത്തിൽ കുസൃതിക്കുറുമ്പനായിരുന്ന കെവിൻ അൾത്താര ബാലൻ്റെ വേഷത്തിൽ ദേവാലയ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം ഭാഗഭാക്കാകുന്നത് എന്നെ കോരിത്തരിപ്പിച്ചു. പോർട്ട്സ് മൗത്ത് നഗരത്തിൻ്റെ മുക്കുംമൂലയും കാണുവാൻ അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ നടന്ന അത്താഴ വിരുന്നുകളിൽ സ്വന്തം ആങ്ങളയെ അഭിമാനത്തോടെ അവൾ അവതരിപ്പിച്ചു.
ആതിര മോളുടെയും അനഘ മോളുടെയും വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്ത് അവൾ കുടുംബാന്തരീക്ഷത്തിൻ്റെ സന്തോഷത്തിന് കലവറയില്ലാതെ സൗരഭ്യം പകർന്നു . പരാതി പറയാതെ ആരെയും കുറ്റപ്പെടുത്താതെ സദാ ചിരിക്കുന്ന ജസ്സി പോസിറ്റീവ് എനർജിയുടെ ആൾരൂപമായിരുന്നു. ആത്മീയതയുടെ ചൈതന്യം അവളുടെ മുഖശ്രീയായിരുന്നു. ജസ്സിയാൻറി എല്ലാ മക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു. തുറന്നടിച്ച് സംസാരിച്ചിരുന്നുവെങ്കിലും പുത്തൻ കളത്തിൽ കുടുംബാംഗങ്ങൾക്ക് ജസ്സി പ്രിയപ്പെട്ടവളായിരുന്നു. ജോയിച്ചായനേക്കുറിച്ചും റോയിച്ചായനേക്കുറിച്ചും ആൻസി ചേച്ചിയെക്കുറിച്ചും ജസ്സിയെക്കുറിച്ചും അവൾ ആദരപൂർവ്വമാണ് സംസാരിച്ചിരുന്നത്.
അപ്പച്ചൻ്റെയും അമ്മച്ചിയുടെയും ചരമവാർഷികത്തിന് അവൾ ജോൺസനേയും കൂട്ടി വന്നു. അന്ന് ഞങ്ങൾ സഹോദരങ്ങളെല്ലാം പൂഴിക്കുന്നേൽ വീട്ടിൽ ഒന്നിച്ചുകൂടി; വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തി; അപ്പച്ചൻ്റെയും അമ്മച്ചിയുടെയും കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചു; ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും മിത്രങ്ങൾക്കും പൗര പ്രമുഖന്മാർക്കും കുടുംബത്തിൻറെ കൃതജ്ഞത അർപ്പിച്ചു. അന്നു സന്ധ്യയിൽ സഹോദരങ്ങളെല്ലാം അവരവരുടെ കൂടുകളിലേക്ക് മടങ്ങി . കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു. പിന്നെ അങ്ങനെയൊരു സഹോദരസംഗമം നടന്നിട്ടില്ല.
അവസാനമായി അവൾ കോട്ടയത്തു വരുന്നത് 2018 ഫെബ്രുവരിയിലാണ്. കൊച്ചു മകൾ സാറയുടെ മാമോദീസായ്ക്ക് . ഹോട്ടൽ ഐഡായുടെ ചെറിയ ഹാളുകളിൽ ആ സന്ധ്യ ഞങ്ങൾ സുന്ദര സുരഭിലമാക്കി . സാറായുടെ മാമോദീസാ അവിസ്മരണീയമായി. പൂഴിക്കുന്നേലേയും പുത്തൻ കളത്തിലേയും കൂന്തമറ്റത്തിലേയും കുടുംബാംഗങ്ങൾ ഒന്നിച്ചു കൂടിയ ആ മംഗള മുഹൂർത്തം ലളിത സുന്ദര ദീപ്തമായ മറ്റൊരു സമാഗമത്തിന് വഴിയൊരുക്കി.
ഈ മനോഹര തീരത്തു നിന്നും….. സ്വർഗ്ഗീയ തീരത്തേയ്ക്ക് യാത്രയാകുന്ന പ്രിയ പെങ്ങളെ , നിനക്കു ഞാനൊരു മുത്തം തരട്ടെ.
Condolences and prayers