ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply