രാത്രി 10 നും 11 നും ഇടയിലുള്ള ഉറക്ക സമയം മെച്ചപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത്. നമ്മുടെ ശരീരത്തിൻെറ ബോഡി ക്ലോക്കുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഉറക്കത്തെ ക്രമീകരിച്ചാൽ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാമെന്ന് യുകെ ബയോബാങ്ക് കണ്ടെത്തി. ശരീരത്തിന് സ്വാഭാവികമായുള്ള ട്വൻറി ഫോർ അവർ റിതം ആരോഗ്യത്തിന് പ്രധാനമാണ്. ഇവ രക്തസമ്മർദ്ദം പോലുള്ളവയേയും ബാധിക്കും.

പഠനത്തിനായി സന്നദ്ധപ്രവർത്തകർ ധരിച്ചിരുന്ന റിസ്റ്റ് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഗവേഷകർ ഏഴു ദിവസത്തോളം അവർ ഉറങ്ങുന്നതിൻറെയും ഉണരുന്നതിൻെറയും വിവരങ്ങൾ ശേഖരിച്ചതിന് അടിസ്ഥാനമാക്കിയാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇവരുടെ ഹൃദയസംബന്ധമായ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗവേഷകർ ആറു വർഷം കൂടുന്തോറും ശേഖരിക്കുകയും ചെയ്തു.

മുതിർന്നവരിൽ മൂവായിരത്തിലധികം പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായതായി കണ്ടെത്തി. രാത്രി 11 മണിക്ക് ശേഷം ശേഷം വൈകി ഉറങ്ങുന്നവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒരു വ്യക്തിയുടെ പ്രായം, ഭാരം, കൊളസ്ട്രോളിൻെറ അളവ് തുടങ്ങിയവ ഹൃദയത്തിൻറെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഹൃദയ ആരോഗ്യവുമായി ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തങ്ങളുടെ പഠനം വഴി ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടിലെന്നും വൈകി ഉറങ്ങുന്നത് ശരീരത്തിൻറെ ബോഡി ക്ലോക്കിൽ മാറ്റം വരുത്തുമെന്നും അത് ആരോഗ്യത്തിൽ പ്രതിഫലിക്കും എന്നും ഹെൽത്ത്‌ടെക് ഓർഗനൈസേഷൻ ഹുമയുമായി ചേർന്ന് പ്രവർത്തിക്കുന്ന പഠന രചയിതാവായ ഡോ. ഡേവിഡ് പ്ലാൻസ് പറഞ്ഞു. അർദ്ധരാത്രിയ്ക്ക് ശേഷം ഉറങ്ങുന്നവരിലാണ് ഹൃദ്രോഗങ്ങൾക്കുള്ള ഏറ്റവും ഉയർന്ന സാധ്യത കാണാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഹൃദയത്തെ ദീർഘകാലം ആരോഗ്യകരമായി നിലനിർത്തുന്നതിന് ജനങ്ങൾ രാത്രിയിൽ 10 നും 11 നും ഇടയിൽ ഉറങ്ങണമെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ സീനിയർ കാർഡിയാക് നഴ്‌സ് റെജീന ജിബ്ലിൻ പറഞ്ഞു. പുതിയ പഠനം ഉറക്കസമയവുമായുള്ള ശരീരത്തിൻെറ ബന്ധത്തെ കാണിക്കുന്നുണ്ടെങ്കിലും ഇതിനുള്ള കാരണം ഇനിയും വ്യക്തമല്ല. മുതിർന്നവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻെറ അളവ്, ആരോഗ്യകരമായ ശരീര ഭാരം, പതിവായ വ്യായാമം, മദ്യപാനം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും.