പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി ആരാകണമെന്നുള്ളത് ഇപ്പോൾ പാർലമെൻററി പാർട്ടിയുടെ പൂർണ്ണ ഇഷ്ടത്തിലായിരിക്കും എന്ന് ബോറിസ് ജോൺസൺ തൻെറ പ്രസ്താവനയിൽ പറഞ്ഞു .

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ .താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കേണ്ട കടമ തനിക്ക് ഉണ്ടെന്നു തോന്നിയതിനാലും വോട്ടർമാരുടെ അഭിപ്രായം അറിയേണ്ടതിനാലും ആയിരുന്നു താൻ രാജിവയ്ക്കാൻ ഇത്രയും താമസിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് പൂർത്തിയാക്കുക, യുകെയെ കോവിഡ് മഹാമാരിയിൽ നിന്ന് വിമുക്തമാക്കുക , വ്‌ളാഡിമിർ പുടിന്റെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരെ നിലകൊള്ളാൻ പാശ്ചാത്യ രാജ്യങ്ങളെ നയിക്കുക എന്നിവ ഉൾപ്പെടെയുള്ള തന്റെ നേട്ടങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടൻ ലോകരാജ്യങ്ങൾക്കിടയിലെ തങ്ങളുടെ സ്വാധീനം നിലനിർത്തണമെന്നും ഇതുവഴി യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ രാജ്യം ആകുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനെ മാറ്റുന്നത് തീർത്തും വിചിത്രമാണെന്ന് തൻെറ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിക്കാത്തതിൽ താൻ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൻെറ പ്രസ്താവനയിൽ ഭാര്യ കാരി, മക്കൾ, എൻഎച്ച്എസ്, സായുധ സേന, ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാർ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

യുകെയിലെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യത കൽപിക്കുന്നവരിൽ ഇന്ത്യൻ വംശജനായ ഋഷി സുനക്കിനാണ് ഒട്ടേറെ പേർ മുൻഗണന നൽകുന്നത്.