നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. പ്രതിഭാഗം വാദത്തിന് ശേഷം ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍വാദം തുടരുകയാണ്.
പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുന്ന വാദങ്ങൾ….

 

“പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടെന്ന് തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്റെ രഹസ്യമൊഴിയുണ്ട്. മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുത്..”

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ജയിലില്‍നിന്നെഴുതിയ കത്തില്‍ അഭിസംബോധന ചെയ്തു എന്ന കാരണത്താല്‍ ഒരാളെ പ്രതിയാക്കുന്ന കീഴ്‌വഴക്കം ശരിയല്ലെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് രാമന്‍പിള്ള നേരത്തേ വാദിച്ചിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതെന്നും സുനി ജയിലില്‍നിന്ന് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ കരട് തയ്യാറാക്കി നല്‍കിയത് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ച, ജയിലിന് പുറത്തുനിന്നുള്ള ചിലരാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇന്നലെ മൂന്നരമണിക്കൂറോളം നീണ്ട വാദത്തില്‍ ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇന്നും തുടര്‍ന്നത്. പത്തരയോടെ ആരംഭിച്ച വാദത്തില്‍ കള്ളസാക്ഷികളെ സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രധാന വാദം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനില്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കത്ത് തെളിവായി സ്വീകരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സമൂഹത്തില്‍ മാന്യമായി കഴിയുന്ന പലര്‍ക്കെതിരെയും ആരോപണവുമായി ആളുകളെത്തുമെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായതിന് ശേഷമേ ജാമ്യാപേക്ഷയില്‍ എപ്പോള്‍ കോടതി തീരുമാനമെടുക്കുമെന്ന് പറയാനാവൂ.