ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രോസ്റ്റേറ്റ് ക്യാൻസറിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്. എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗനിർണ്ണയം നടത്തുന്ന ക്യാൻസറായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. സ്തനാർബുദത്തെ മറികടന്നാണ് പ്രഥമ സ്ഥാനം പ്രോസ്റ്റേറ്റ് ക്യാൻസറിനായിരിക്കുന്നത്. 2019 മുതൽ 2023 വരെയുള്ള വെറും നാല് വർഷത്തിനുള്ളിൽ തന്നെ ഈ രോഗമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ 25 ശതമാനം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വർഷവും യുകെയിൽ 50,000-ത്തിലധികം പുരുഷന്മാർക്കാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. മൂത്രനാളിക്ക് ചുറ്റുമുള്ളതും ബീജം ഉത്പാദിപ്പിക്കുന്നതുമായ ഗ്രന്ഥിയെയാണ് രോഗം ബാധിക്കുന്നത്. ഈ രോഗം മൂലം പ്രതിവർഷം ഏകദേശം 12,000 ജീവൻ നഷ്ടപ്പെടുന്നുണ്ട്. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ സൈക്ലിസ്റ്റ് സർ ക്രിസ് ഹോയ് , നടൻ സർ സ്റ്റീഫൻ ഫ്രൈ , റസ്റ്റോറന്റ് ക്രിട്ടിക് ആയ ഗൈൽസ് കോറൻ തുടങ്ങിയവർ തങ്ങളുടെ രോഗനിർണ്ണയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള സന്നദ്ധത കാണിച്ചത് കൂടുതൽ പുരുഷന്മാരെ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ചുവെന്നതിൽ സംശയമില്ല . കൂടുതൽ ആളുകൾ ഇപ്പോൾ ഈ രോഗത്തിന്റെ അപകടാവസ്ഥകളെ കുറിച്ച് ബോധവാന്മാരാണെന്നും, ആവശ്യമായ പരിശോധനകൾക്ക് വിധേയമാകാൻ സന്നദ്ധരാണെന്നും പ്രോസ്റ്റേറ്റ് ക്യാൻസർ യു കെയിലെ ആരോഗ്യ സേവന ഡയറക്ടർ ചിയാര ഡി ബയാസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാൻസർ റിസർച്ച് യുകെയുടെ കണക്കനുസരിച്ച്, 75 നും 79 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. 80 വയസ്സുള്ള പുരുഷന്മാരും ഏകദേശം 80 ശതമാനം പേർക്കും ഈ രോഗം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാധാരണയായി ഈ രോഗം വരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നത് പ്രായമാകുമ്പോഴാണ്. എന്നാൽ 50 വയസ്സോ അതിൽ താഴെയോ പ്രായമുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ രോഗനിർണ്ണയം നടത്തുന്ന ചെറുപ്പക്കാരായ പുരുഷന്മാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരിലുള്ള അമിതവണ്ണം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഒരു പ്രധാന കാരണമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കൊഴുപ്പ് നിറഞ്ഞ ടിഷ്യു വിട്ടുമാറാത്ത ഇൻഫെക്ഷൻ ഉണ്ടാക്കുകയും, ക്യാൻസർ കോശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, കൊഴുപ്പ് കോശങ്ങൾ ലെപ്റ്റിൻ, ഐജിഎഫ് പോലുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് കോശ വളർച്ചയ്ക്കും ക്യാൻസറിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കാനുള്ള സാധ്യത വർദ്ധിക്കുന്നതും തമ്മിലുള്ള വ്യക്തമായ ബന്ധം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസർ റിസർച്ച് യുകെയുടെ പഠനങ്ങൾ പ്രകാരം, പാലുൽപ്പന്നങ്ങളുടെയും മൃഗ ഉൽപ്പന്നങ്ങളുടെയും പതിവ് ഉപഭോഗം ക്യാൻസർ കോശങ്ങളുടെ വികാസത്തിനും പുരോഗതിക്കും കാരണമാകുന്ന വളർച്ചാ ഹോർമോണായ ഐ ജി എഫ് -1 ന്റെ ഉയർന്ന അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ഇത്തരത്തിൽ ഇപ്പോഴുള്ള ഈ രോഗനിർണ്ണയത്തിനുള്ള വർദ്ധനവിന് കാരണം നിരവധിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.