ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ലണ്ടനിലെ ഇറാൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ ശനിയാഴ്ച തടിച്ചുകൂടി. പ്രതിഷേധത്തിനിടെ ഒരാൾ എംബസിയുടെ ബാൽക്കണിയിലേക്ക് കയറുകയും ഇറാൻ പതാക കീറിമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എംബസിക്ക് മുന്നിൽ ഇറാനിയൻ പതാകകൾ വീശിയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധക്കാർ രംഗത്തെത്തി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ഒരാളെ അടിയന്തര സേവന ജീവനക്കാരനെ ആക്രമിച്ചതിനും, മറ്റൊരാളെ ഗുരുതര അതിക്രമത്തിനുമാണ് അറസ്റ്റ് ചെയ്തത്. അതിക്രമം നടത്തിയതായി സംശയിക്കുന്ന മറ്റൊരാളെ തേടിയും അന്വേഷണം നടക്കുകയാണ്. ക്രമസമാധാനം നിലനിർത്താൻ അധിക പൊലീസ് സംഘത്തെ വിന്യസിച്ചതായും, പ്രതിഷേധം സുരക്ഷിതമായി നിയന്ത്രിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. എംബസിയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പൊലീസ് തുടരുകയാണെന്നും അറിയിച്ചു. പിന്നീട് എംബസിയുടെ ‘എക്സ്’ അക്കൗണ്ടിൽ പതാക വീണ്ടും സ്ഥാപിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട് .

ഡിസംബർ 28 ന് ഇറാനിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ 13-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ലണ്ടനിൽ മേൽപറഞ്ഞ സംവങ്ങൾ അരങ്ങേറിയത് . രണ്ട് മനുഷ്യാവകാശ സംഘടനകളുടെ കണക്കു പ്രകാരം ഇതുവരെ കുറഞ്ഞത് 50 പ്രതിഷേധക്കാർ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇറാൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ ശക്തമായികൊണ്ടിരിക്കുകയാണ് . കെൻസിങ്ടണിൽ നടന്ന പ്രതിഷേധത്തിൽ ഇറാനിലെ അവസാന ഷായുടെ നാടുകടത്തപ്പെട്ട മകൻ റേസാ പഹ്ലവിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയവരുമുണ്ടായിരുന്നു. ഇറാനിലെ നിരവധി പ്രതിഷേധക്കാർ രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രതിഷേധങ്ങളെ ‘കുഴപ്പം സൃഷ്ടിക്കുന്നവർ’ എന്ന് സുപ്രീം ലീഡർ ആയത്തൊല്ലാ അലി ഖമേനൈ വിമർശിച്ചു. അതേസമയം അക്രമങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിൽ നിലവിൽ ഇന്റർനെറ്റ് ബ്ലാക്കൗട്ട് തുടരുന്നതിനാൽ അവിടത്തെ സംഭവവികാസങ്ങൾ അധികം പരലോകം അറിയുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .











Leave a Reply