ലണ്ടന്‍: പുതുവര്‍ഷത്തില്‍ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ശരാശരി 3.4 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ കമ്പനികള്‍ വരുത്തിയിരിക്കന്നത്. 2010ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം സീസണ്‍ ടിക്കറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. പത്ത് വര്‍ഷത്തിനിടെ 2539 പൗണ്ടാണ് സീസണ്‍ ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ബര്‍മിംഗ്ഹാം, ലണ്ടന്‍, യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ വിര്‍ജിന്‍ ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് നിരക്കിലാണ് ഏറ്റവും വര്‍ദ്ധന രേഖപ്പെടുത്തിയത്. 10,567 പൗണ്ടാണ് പുതിയ നിരക്ക്. 2010ലെ നിരക്കിനേക്കാള്‍ 2539 പൗണ്ട് കൂടുതലാണ് ഇത്. കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ നിരക്കുകള്‍ 32 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 1.1 ശതമാനം വര്‍ദ്ധന മാത്രമാണ് വരുത്തിയത്. ഈ വര്‍ഷം സാധാരണ നിരക്കുകളില്‍ 3.4 ശതമാനവും സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ 3.6 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.
വാര്‍ഷിക റെയില്‍ നിരക്ക് വര്‍ദ്ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും മേലെയാണെന്ന് റെയില്‍വേ യൂണിയനുകളും കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടികള്‍ക്കും യൂണിയനുകള്‍ തുടക്കമിട്ടു. 40 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. റെയില്‍ ആന്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) ആണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 2013നു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വര്‍ദ്ധന കമ്പനികള്‍ നടപ്പാക്കുന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
Leave a Reply