കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട്‌ ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്.

വലിയ പിരിമുറുക്കത്തിന്റെ മണിക്കൂറുകളിലൂടെയാണ് ജില്ലാ ആസ്പത്രിയിലെ വൈദ്യസംഘം ശനിയാഴ്ച ഉച്ചയ്ക്കുശേഷം കടന്നുപോയത്. ജ്യോതി സുനാർ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാൽ, ക്രമമായി ആസ്പത്രിയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവർ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോൾ സ്ഥിതി സങ്കീർണമായിരുന്നു.

അമ്‌നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേർപെട്ടിരിക്കുന്നു. ഗർഭസ്ഥശിശുവിന് രക്തംകലർന്ന അമ്‌നിയോട്ടിക് ദ്രാവകത്തിൽ ശ്വാസംകിട്ടാത്ത സ്ഥിതി. ഉടൻ തിയറ്റർ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോൾ യുവതിക്ക് അപസ്മാരലക്ഷണങ്ങൾ വന്നു. പെട്ടെന്ന്‌ ഹൃദയസ്തംഭനവും. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നൽവേഗത്തിൽ അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ. കൂട്ടിന് ഡോക്ടർമാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ഡോ. മൃദുല ശങ്കറിന്റെ ചുമതലയിൽ സി.പി.ആർ., ഡിഫിബ്രില്ലേഷൻ എന്നിവയിലൂടെ അമ്മയുടെ ജീവനും രക്ഷിച്ചു. പിന്നീട് വിദഗ്ധ ചികിത്സ തുടർന്നു. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെരിമോർട്ടം സിസേറിയനിലൂടെ അമ്മ രക്ഷപ്പെടാൻ 30 ശതമാനവും കുഞ്ഞ് രക്ഷപ്പെടാൻ 50 ശതമാനവും സാധ്യതയാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇവിടെ രണ്ട്‌ ജീവനും രക്ഷിക്കാനായി.

ഡോ. ഷോണി തോമസ്, ഡോ. ഇ. തങ്കമണി, ഡോ. എസ്.ബി. വൈശാഖ്, ഡോ. മേജോ മത്തായി, ഡോ. മൃദുല ശങ്കർ, ഡോ. ആർ. പ്രിയ, നഴ്സിങ് ഓഫീസർമാരായ സൗമ്യ രാജ്, വി.കെ. ഹസീന എന്നിവരടങ്ങിയ സംഘമാണ് അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ചത്.

ഞായറാഴ്ച പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു.