അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.
വന്‍ജനപ്രവാഹമാണ് പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
Leave a Reply