പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ നിരോധിച്ചിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവില്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുമായിരുന്നു.

സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.