ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര’ നീരണിയുവാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. ഓളപ്പരപ്പിലൂടെ ചക്രവാളങ്ങള്‍ കീഴടക്കുവാന്‍ മാലിപ്പുരയില്‍ ഉള്ള പുതിയ ‘ഷോട്ട് ‘ നീരണയിക്കുവാന്‍ പ്രാര്‍ത്ഥനയും കാത്തിരിപ്പുമായി കഴിയുകയാണ് നാട്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നവതി നിറവില്‍ നടക്കുന്ന നീരണിയല്‍ ചടങ്ങ് ആഘോഷമാക്കുവാനാണ് നാട് ഒരുങ്ങുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ സദസ്സിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ‘ഷോട്ട് ‘ നീരണിയല്‍ ചടങ്ങിന് മുന്നോടിയായുള്ള ക്രമികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസില്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

അല്‍ഫോണ്‍സ് ആന്റണി, ബേബി നാലുപറയില്‍, തൊമ്മച്ചന്‍ ചാക്കോ, ജിനോ മണക്കളം, ശശികുട്ടി ജോര്‍ജ്, കൃഷ്ണന്‍ മറ്റേക്കാട്, ബിജു മുളപ്പന്‍ച്ചേരി, സന്തോഷ് കോയില്‍മുക്ക്, റജി എം. വര്‍ഗ്ഗീസ്, അശോകന്‍ മങ്കോട്ടച്ചിറ, ജഫ്രി, ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര എന്നിവര്‍ പ്രസംഗിച്ചു.

2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പ്പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍.

വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജലരാജാവും ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രൃംഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കും.

എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണയും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.