ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ പതാക ഉയർത്തിയ സംഭവം അട്ടിമറിയെന്ന് കർഷക സംഘടനകൾ. സമരത്തെ തകർക്കാനും വഴി തിരിച്ചുവിടാനും ഒരുസംഘം ശ്രമിച്ചെന്നാണ് കർഷകർ ആരോപിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങൾക്ക് നേതൃത്വം നൽകിയത്. ഇയാൾ ചെങ്കോട്ടയിലെ സമരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കർഷകർ അട്ടിമറി ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബിജെപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സംഘടനയുടെ പ്രതിനിധി ആയതിനാൽ ഇയാളെ കർഷകർ സമരത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കലിന് പിന്നാലെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു സമരമെന്ന രീതിയിൽ ഡൽഹിയിൽ സമരം തുടർന്നിരുന്നു. അനിഷ്ട സംഭവങ്ങൾക്ക് ദീപ് സിദ്ദുവാണ് നേതൃത്വം നൽകിയെതെന്ന് കർഷക സംഘടനകളുടെ നേതാക്കൾ സ്ഥിരീകരിച്ചതോടെയാണ് അട്ടിമറി സാധ്യത ശക്തമാകുന്നത്.
സമരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ ചെങ്കോട്ടയിലെത്തിയത് അട്ടിമറിക്ക് നേതൃത്വം നൽകാനെന്നാണ് സൂചന. റൂട്ട് മാപ്പിലോ കർഷകർ ഔദ്യോഗികമായി പ്രഖ്യാപിച്ച സമര പരിപാടിയിലോ ഇല്ലാത്ത ചെങ്കോട്ടയിലേക്ക് സമരം നീങ്ങിയതിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് നേരത്തെ സംശയമുയർന്നിരുന്നു. ഖലിസ്ഥാൻ അനുകൂല നിലപാടുകൾ സിദ്ദു സ്വീകരിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ചെങ്കോട്ടയിലെ സുരക്ഷാ സംവിധാനങ്ങൾ പ്രക്ഷോഭകർക്ക് മുന്നിൽ ഇത്രയും വേഗം കീഴടങ്ങിയത് സംശയാസ്പദമാണെന്നും വാദം ഉയർന്നിരുന്നു.
‘ബിജെപിയുമായി ബന്ധപ്പെട്ട ദീപ് സിദ്ദു എന്നയാൾ സമരം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. അയാളുടെ സംഘത്തിൽപ്പെട്ടവരാണ് ചെങ്കോട്ടയിൽ പതാക ഉയർത്തിയതെന്നാണ് മനസിലാക്കുന്നത്. ഞങ്ങൾക്ക് ആ സമരവുമായി ബന്ധമില്ലെന്ന് പറഞ്ഞുകഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ അവിടെ പതാക പാറിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. സർക്കാരിന് ഇന്റലിജൻസ് സംവിധാനമില്ലേ. മുൻകൂട്ടി അത് മനസിലാക്കണ്ടേ. ആരാണ് ദീപ് സിദ്ദു എന്ന് കണ്ടുപിടിക്കട്ടെ. ഇവർ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. അതും കണ്ടുപിടിക്കട്ടെ. ആരൊക്കെയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തട്ടേ. പോലീസ് വന്ന് സംസാരിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു, അവർക്ക് ഞങ്ങൾക്കൊപ്പമുള്ളവരല്ലെന്ന്. അക്രമം അംഗീകരിക്കില്ല. തള്ളി പറയും”- കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.
Leave a Reply