യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരേ പുതിയ ഉപരോധങ്ങൾക്ക് യുഎസ് മുതിർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പു നല്കി. ഇരു നേതാക്കളും തമ്മിൽ വ്യാഴാഴ്ച വൈകിട്ടു നടത്തിയ ഫോൺസംഭാഷണത്തിലായിരുന്നിത്.
ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വൻ അബദ്ധമാകുമെന്ന് പുടിൻ പറഞ്ഞു. അതേസമയം, യുക്രെയിനിൽ അധിനിവേശം നടത്താനുള്ള റഷ്യയുടെ ഏതു നീക്കവും യുഎസും സഖ്യകക്ഷികളും തടയുമെന്ന് ബൈഡൻ വ്യക്തമാക്കി.
യുക്രെയിനെ ആക്രമിക്കാൻ റഷ്യ അതിർത്തിയിൽ ഒരു ലക്ഷം പട്ടാളത്തെ അണിനിരത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പുടിനും ബൈഡനും തമ്മിൽ നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. അഭ്യാസത്തിന്റെ ഭാഗമായിട്ടാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് റഷ്യ പറയുന്നത്.
ബൈഡനുമായുള്ള സംഭാഷണത്തിൽ പുടിൻ സന്തുഷ്ടനാണെന്നും ഭാവി ചർച്ചയ്ക്കു സാധ്യതയുണ്ടെന്നും പുടിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് പറഞ്ഞു.
ചർച്ചകൾക്കു ഫലമുണ്ടാകണമെങ്കിൽ സംഘർഷങ്ങൾ അവസാനിക്കണമെന്ന് ബൈഡൻ പുടിനെ ഓർമപ്പെടുത്തിയതായി വൈറ്റ്ഹൗസ് വക്താവ് ജൻ സാകി പറഞ്ഞു.
Leave a Reply