ചെങ്ങറ ഭൂ സമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂസമരം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങി.

അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിതരുടെ അവകാശങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയാണ്. കെഎസ്ഇബി ജീവനക്കാരനായിരുന്നു.