കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്മെന്റിന്റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.
വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.
Leave a Reply