ലണ്ടൻ : ബ്രിട്ടന്റെ രാജസിംഹാസനത്തിൽ പ്രൗഢിയോടെ 70 വർഷം പൂർത്തിയാക്കുകയാണ് എലിസബത്ത് രാജ്ഞി. ഇത്രയുംകാലം ഒരു നാട്ടില്‍ ഒരു രാജാവോ റാണിയോ അധികാരത്തിലിരുന്നിട്ടില്ല. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയുള്ള വലിയ കുടുംബത്തിന്റെ നാഥയാണ് എലിസബത്ത് രാജ്ഞി. വിമർശനങ്ങൾ കൂരമ്പ് പോലെ തനിക്ക് നേരെ വന്നിട്ടും, പ്രായത്തിന്റെ അവശതകൾ ശരീരത്തെ ക്ഷീണിപ്പിച്ചിട്ടും, കൊട്ടാരത്തിനകത്തു തന്നെ പ്രശ്നങ്ങൾ ഉടലെടുത്തപ്പോഴും, പ്രിയ ഭർത്താവ് വിട്ടുപിരിഞ്ഞപ്പോഴും അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും എല്ലാത്തിനെയും നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തയാളാണ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാലുദിവസം നീണ്ടുനില്‍ക്കുന്നതാണ്.

ട്രൂപ്പിംഗ് ദി കളര്‍ എന്ന പരേഡോടുകൂടി ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ പത്തു മണിക്കാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ട്രൂപ്പിംഗ് ദി കളര്‍ ആരംഭിച്ചത്. 1,500 ഉദ്യോഗസ്ഥരും സൈനികരും ഒപ്പം 350 കുതിരകളും അണിനിരന്ന പരേഡിൽ പത്തരയോടെ രാജകുടുബം എത്തി. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കുതിരപ്പുറത്താണ് എത്തിയത്. രാജ്ഞിക്ക് വേണ്ടി ചാൾസ് രാജകുമാരൻ സൈനികരിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് രാജകുടുംബം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ രാജ്ഞിക്കൊപ്പം നിന്ന് പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. ചാള്‍സിനും കാമിലയ്ക്കും ഒപ്പം വില്യമും കെയ്റ്റും അവരുടെ മൂന്നു മക്കളും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു. പരേഡിന്റെ അവസാനത്തിൽ സൈനികർ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തപ്പോൾ, ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് രാജ്ഞി പ്രത്യക്ഷപ്പെട്ടത്. 2019 ന് ശേഷം രാജകുടുംബം ഇതാദ്യമായാണ് കൊട്ടാരം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജപദവികള്‍ വഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ബാല്‍ക്കണി പ്രവേശനം ചുരുക്കിയതിനാൽ ആന്‍ഡ്രൂ രാജകുമാരനും ഹാരിയും മേഗനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നില്ല. നിരവധി ഇടങ്ങളില്‍ ഇന്ന് വൈകിട്ട് ആഘോഷ പരിപാടികള്‍ അരങ്ങേറും. നാളെ രാജകുടുംബാംഗങ്ങള്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കും. യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ചത്തെ ഡെര്‍ബിയിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഹാരിയുടെ മകള്‍ ലിലിബെറ്റിന്റെ ആദ്യ ജന്മദിനമാണ് ശനിയാഴ്ച. അതിനാൽ രാജ്ഞി ലിലിബെറ്റിനൊപ്പം അന്ന് ചിലവഴിക്കും. വൈകിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിലെ മൂന്ന് വേദികളിലായി ബി ബി സി യുടെ പാര്‍ട്ടി അറ്റ് ദി പാലസ് ആരംഭിക്കും. 22,000 പേര്‍ക്ക് നേരിട്ട് കാണാവുന്ന പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. യുകെയിൽ 2 ലക്ഷത്തിലധികം തെരുവു വിരുന്നുകളാണ് ഞായറാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ നടൻ അജയ് ഛബ്ര ബോളിവുഡ് ശൈലിയിൽ ഒരുക്കിയ ‘വെഡിങ് പാർട്ടി’ കലാമേള ഞായറാഴ്ച നടക്കും. 250 നർത്തകർ അരങ്ങേറും. 1947 ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹച്ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന വെഡിങ് പാർട്ടിക്കായി 4 മീറ്റർ ഉയരമുള്ള കേക്കും തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ 5 ന് ജൂബിലി പേജന്റോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും.