ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.
സൗദിയില്‍ 2005നും 2009നുമിടയില്‍ രണ്ട് തവണ പോയിവന്ന മസൂദിനെതിരെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുമ്പുംം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയും സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന അന്‍ജം ചൗധരിയുടെ നിരോധിക്കപ്പെട്ട സംഘടനയായ അല്‍ മുജാഹിരൂണ്‍ അനുഭാവികളുംമായി ഇയാള്‍ ബന്ധപ്പെടുന്നതാണ് ഏജന്‍സികള്‍ സംശയത്തോടെ നോക്കിയതെന്ന് സണ്‍ഡോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇയാളെ നിരീക്ഷിക്കാന്‍ എന്താണ് കൃത്യമായ കാരണമെന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബര്‍മിംഗ്ഹാമില്‍ ഇന്നലെ രാത്രിയാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരു 30കാരനനെ അറസ്റ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. ഇതോടെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റിലായവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.