ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞി ലണ്ടനിൽ വച്ച് അടുത്ത പ്രധാനമന്ത്രിയെ നിയമിക്കില്ല പകരം ബാൽമോറലുള്ള തന്റെ വസതിയിൽ ആയിരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പുതിയ പ്രധാനമന്ത്രിയും ബോറിസ് ജോൺസണും സെപ്റ്റംബർ ആറിന് പതിവിന് വിപരീതമായി സ്കോട്ട്ലൻഡിലേക്ക് പോകും. 96 കാരിയായ രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലയളവിൽ സാധാരണ കൊട്ടാരത്തിൽ വച്ചാണ് പുതിയ പ്രധാനമന്ത്രിമാരെ നിയമിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ സെപ്റ്റംബർ അഞ്ചിനാണ് പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായി വരും ദിവസങ്ങളിൽ തന്നെ ബോറിസ് ജോൺസൺ രാജ്ഞിയ്ക്ക് രാജിക്കത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ കാണുന്നതിനായി രാജ്ഞി ബാൽമോറലിൽ നിന്ന് വരുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ പുറത്തുവിട്ടിരുന്ന വാർത്ത.

കുടുംബത്തോടും അതിഥികളോടും ഒപ്പം സ്‌കോട്ട്‌ലൻഡിൽ തൻറെ പരമ്പരാഗത വേനൽക്കാല വസതിയിൽ അവധിയിൽ കഴിയുകയാണ് രാജ്ഞി ഇപ്പോൾ. സാധാരണയായി ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഈ എസ്റ്റേറ്റിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. കൂടാതെ, ഈ വർഷം ഫെബ്രുവരിയിൽ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് കൊട്ടാരം അറിയിച്ചു. ഇതിനോടകം തന്നെ സ്റ്റേറ്റ് ഓപ്പണിങ് ഓഫ് പാർലമെൻറ്, പ്ലാറ്റിനം ജൂബിലി കൺസേർട്ട് തുടങ്ങിയ പരിപാടികളിൽ അനാരോഗ്യത്തെ തുടർന്ന് രാജ്ഞി പങ്കെടുത്തിരുന്നില്ല.  പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾ സ്‌കോട്ട്‌ലൻഡിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.