ഹുസൈൻ മുസ്‌ലിയാർ
വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).
കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.
മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.
Leave a Reply