ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെയ് മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക മേഖലയിൽ 0.1 ശതമാനം കുറവ് ഉണ്ടായത് ചാൻസിലർ റേച്ചൽ റീവ്സിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നിർമ്മാണ മേഖലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവാണ് സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതിമാസ സാമ്പത്തിക വളർച്ച 0.1 ശതമാനം കൂടുമെന്ന പ്രവചനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ മൊത്ത ആഭ്യന്തര ഉൽപാദനം 0.1 ശതമാനമായി കുറഞ്ഞത് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടായിരുന്നു. നേരത്തെ ഏപ്രിൽ മാസത്തിലും വളർച്ചാ നിരക്ക് 0.3 ശതമാനം കുറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിച്ച ഉയർന്ന നികുതികളും അനിശ്ചിതത്വവും കാരണം ബിസിനസുകൾ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയും നിക്ഷേപ പദ്ധതികൾ റദ്ദാക്കുകയും ചെയ്തത് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . മെയ് മാസത്തിലും വളർച്ചാ നിരക്ക് കുറഞ്ഞതോടെ സാമ്പത്തിക രംഗത്ത് തുടർച്ചയായ രണ്ടാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.
വളർച്ചാ നിരക്കിലെ ഇടിവ് പ്രതിപക്ഷവും ഒപ്പം ലേബർ പാർട്ടിയിലെ വിമതരും സർക്കാരിനെതിരെ ആയുധമാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക ഉത്തേജനത്തിനായി ക്ഷേമ പദ്ധതികളിൽ വൻ വെട്ടി കുറവിന് പദ്ധതിയിട്ടു കൊണ്ട് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബിൽ അവസാന നിമിഷം ഒട്ടേറെ വെട്ടി ചുരുക്കലുകൾക്ക് കെയർ സ്റ്റാർമാർ സർക്കാർ നിർബന്ധിതരായിരുന്നു. ക്ഷേമ പദ്ധതികളിലെ വെട്ടി കുറവ് വരുത്താനുള്ള നിയമ നടപടികളോട് കടുത്ത വിമർശനമാണ് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ഉണ്ടായത്. ഈ മോശം കണക്കുകൾ യുകെ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിപ്പിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ സാമ്പത്തിക ശാസ്ത്ര ഡയറക്ടർ സുരേൻ തിരു പറഞ്ഞു. ശരത്കാല ബഡ്ജറ്റിൽ വൻ നികുതി വർദ്ധനവുകൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ കണക്കുകൾ നിരാശാജനകമാണെന്നും പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും റീവ്സ് പറഞ്ഞു.
Leave a Reply