ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യു കെ യിൽ ഒരു ദിവസം കൂടി ചൂട് ഉണ്ടാകുമെന്നും, അടുത്ത ആഴ്ചയോടു കൂടി ഇടവിട്ടുള്ള മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വെള്ളിയാഴ്ച 20 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഈ ആഴ്ചയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. എന്നാൽ ഞായറാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. അടുത്ത ആഴ്ചത്തെ കാലാവസ്ഥ പ്രവചനാതീതം ആയിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ചൂടും മഴയും കൂടിയ ഒരു കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രാഥമികമായ നിഗമനം. വടക്കൻ കാറ്റ് തിങ്കളാഴ്ചമുതൽ താപനില കുറയ്ക്കുമെന്നും, അതിനാൽ തന്നെ അമിത ചൂട് രേഖപ്പെടുത്താൻ സാധ്യതയില്ല എന്നുംകാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.


അടുത്ത ആഴ്ച മഴ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെങ്കിലും എത്രത്തോളം ഉണ്ടാകുമെന്ന് പ്രവചനാതീതം ആയിരിക്കും. അടുത്ത ആഴ്ച അവസാനത്തോടെ നടക്കുന്ന രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളുടെ സമയത്ത് ശരാശരി താപനില ആകാനായിരിക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഈ ആഴ്ച അവസാനം ശനിയാഴ്ച 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് ഡെപ്യൂട്ടി ചീഫ് മെറ്റെയോറോളജിസ്റ്റ് ഡാൻ രൂഡ് മാൻ വ്യക്തമാക്കി. ജൂബിലി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ മഴയുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് നടത്തണമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.