ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കുട്ടികൾക്ക് നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി സ്കൂൾ സമയം അരമണിക്കൂർ ദീർഘിപ്പിക്കാൻ തീരുമാനം എടുത്തതായുള്ള തീരുമാനം പുറത്ത് വന്നു. ഗവൺമെന്റിൻെറ എഡ്യൂക്കേഷൻ റിക്കവറി കമ്മീഷണറായ സർ കെവാൻ കോളിൻസ് ആണ് ആഴ്ചയിൽ കുറഞ്ഞത് 35 മണിക്കൂറെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്ന തരത്തിലുള്ള പദ്ധതി മുന്നോട്ടു വച്ചിരിക്കുന്നത്. കുട്ടികൾക്ക് നഷ്ടമായ സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി സർക്കാർ പരിശ്രമിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ വേനലവധിക്ക് മുമ്പ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ 15 ബില്യൺ പൗണ്ട് അതായത് ഏകദേശം 700 പൗണ്ട് ഒരു കുട്ടിക്കായി മൂന്നുവർഷം ഉപയോഗിക്കുന്നതിനോട് ചാൻസലർ റിഷി സുനക് തൻെറ എതിർപ്പ് രേഖപ്പെടുത്തി. പുതിയ അധ്യാപകരെ നിയമിക്കുന്നതും അവർക്ക് പരിശീലനം നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

കോവിഡ് -19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.