ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുകയാണ് . യുകെയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ അവസാന വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ്. അഭിപ്രായ സർവേയിൽ ലേബർ പാർട്ടി വളരെ മുന്നിലാണെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെ നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും മറ്റ് ചെറിയ പാർട്ടികളും ജന പിന്തുണയ്ക്കായി വീറോടെയുള്ള പ്രചാരണം കൊഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൺസവേറ്റീവ് പാർട്ടിയെ സമർദ്ധത്തിലാഴ്ത്തി കൊണ്ടുള്ള മുന്നേറ്റമാണ് റീഫോം യുകെ നടത്തിയതായുള്ള വിവരങ്ങൾ കഴിഞ്ഞയാഴ്ച വാർത്തയായിരുന്നു. അഭിപ്രായ സർവേയിൽ അവർ മുന്നേറിയതായുള്ള വാർത്തകൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. എന്നാൽ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾ നടത്തിയതായി പറയുന്ന അപകടകരമായ പരാമർശങ്ങൾ അവരുടെ ജനപ്രീതി ഇടിയുന്നതിന് വലിയ പങ്കുവഹിക്കും എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്. റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് പ്രചാരകരായ ആൻഡ്രൂ പോബ്സ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ നടത്തിയ വംശീയ അധിക്ഷേപം അവർക്ക് വൻ തിരിച്ചടിയാകുമെന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഇത് കൂടാതെ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഇസ്ലാമോ ഫോബിയ , അശ്ലീല ചുവയുള്ള സ്വഭാവങ്ങൾ ഉള്ളതാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റീഫോം യുകെയുമായി ബന്ധമുള്ള മറ്റൊരാൾ പോലീസ് വാഹനത്തിലെ പ്രൈഡ് ഫ്ലാഗിനെ ജീർണിച്ച പതാക എന്ന് വിളിച്ചതും മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.


മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.