തോപ്പുംപടി ഫിഷിങ് ഹാര്‍ബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാല്‍ ജീവനായിരുന്നു. ഇല്ലായ്മകൾ അറിയിക്കാതെ അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാന്‍ പരിശ്രമിക്കുന്ന റഫീക്കിനെ ഒരു കൊലയാളിയാക്കി മാറ്റിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജിൻസിയുടെയും റഫീക്കിൻറെയും പ്രണയ വിവാഹമായിരുന്നു.തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥന്‍ റോഡിനോട് ചേര്‍ന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മന്‍സില്‍ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

പതിവ് പോലെ മക്കള്‍ക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടില്‍ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകന്‍ ജെഫ്രിന്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം തിരക്കാന്‍ അവന്‍ മുതിര്‍ന്നില്ല.

അര്‍ദ്ധരാത്രി തലയില്‍ ആഴത്തില്‍ മുറിവേറ്റതിന്റെ വേദനയില്‍ ഞെട്ടിയുണര്‍ന്ന ജെഫ്രിന്‍ കണ്ടത് വെട്ടുകത്തിയുമായി മുന്നില്‍ നില്‍ക്കുന്ന പിതാവിനെയാണ്. ഞെട്ടിത്തരിച്ച മകന്‍ അടുത്ത ആക്രമണം കൈകൊണ്ട് തടഞ്ഞു. മകന്റെ ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനില്‍പ്പും കണ്ട് റഫീക്ക് നേരെ വീടിന്റെ ഹാളിലേക്ക് തിരിഞ്ഞോടി. ജെഫ്രിന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു. അപ്പുറത്തെ മുറികളില്‍ നിന്നും ദാരുണമായ നിലവിളി കേട്ടു. ധൈര്യം സംഭരിച്ച്‌, ഒരു വിധം കട്ടിലില്‍ നിന്നിറങ്ങി പുറത്തേക്ക് വന്ന മൂത്ത മകന്‍ കണ്ടത് ഹാളിലെ ഫാനില്‍ കെട്ടിയ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി മരിച്ച പിതാവിനെയാണ്. നിലത്ത് രക്തത്തില്‍ ചവിട്ടി നടന്ന പിതാവിന്റെ കാല്‍പാടുകള്‍ കാണാമായിരുന്നു.

അവന്‍ അകത്തെ ബെഡ് റൂമില്‍ എത്തിനോക്കി. ദേഹമാസകലം വെട്ടേറ്റ് ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന മാതാവ് ജാന്‍സിയുടെ മൃതദേഹം കണ്ടതോടെ മകന്‍ വാവിട്ടു കരഞ്ഞുപോയി. പിതാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രണ്ടാമത്തെ മകന്‍ ഷെഫിന് (18) കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റത്. ഇളയ മകള്‍ സൈനയ്ക്ക് (12) ഇടത് കൈക്കും ദേഹത്തും വെട്ടേറ്റിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഞെട്ടിയുണര്‍ന്നത്. നിരവധി പേര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. ബെഡ് റൂമില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ചുകിടക്കുന്ന ജാന്‍സിയെ കണ്ട് ഏവരും നടുങ്ങി. ഹാളിലെ ഫാനില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന റഫീക്കിനെ കണ്ടതോടെ സമീപവാസികള്‍ മനസ്സ് മരവിച്ചുനിന്നു. ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി നില്‍ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഓടിക്കൂടിയവരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ അയല്‍വാസികളില്‍ ചിലര്‍ തോപ്പുംപടി സ്റ്റേഷനില്‍ വിവരമറിയിച്ചു.

അല്‍പ്പസമയത്തിനകം തന്നെ പൊലീസ് എത്തി. മൂന്ന് കുട്ടികളെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞ് എസ്പി, അസി.കമ്മീഷണര്‍, ഫോര്‍ട്ട് കൊച്ചി സി.ഐ, തോപ്പുംപടി എസ്.ഐ ഉള്‍പ്പടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. റഫീക്കിന്റെയും ജാന്‍സിയുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരിക്കേറ്റ സൈനയും ജെഫ്രിനും ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടത് കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റ സൈനയെ ബുധാനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയ്ക്കു വെട്ടേറ്റ ജെഫ്രിന്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. രണ്ടാമത്തെ മകന്‍ ഷെഫിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഷെഫിന്റെ കൈയിലും ദേഹത്തുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പിതാവ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും എന്നാല്‍ ആക്രമിക്കാനുള്ള കാരണം തങ്ങള്‍ക്ക് അറില്ലെന്നുമാണ് ഇവരുടെ മൊഴി.

റഫീക്കിന് കുടുംബവുമായി മാനസികമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് മക്കളുടെ മൊഴി സൂചിപ്പിക്കുന്നത്. എന്നാല്‍, പൊടുന്നനെ ആക്രമണത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച്‌ പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ജാന്‍സിയുടെ കുട്ടികള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. അടുത്തിടെ റഫീക്കിന്റെ കുടുംബസ്വത്ത് ഭാഗംവച്ചതിന്റെ ഓഹരിയായി ആറോ ഏഴോ ലക്ഷം രൂപ റഫീക്കിന് ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ട്.