കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്‌ എതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കും.

ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറും ഒളിക്യാമറ ഓപ്പറേഷൻ സിപിഎം ഗൂഢാലോചനയാണെന്ന എം കെ രാഘവന്‍റെ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.

ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ഒളിക്യാമറ വിവാദത്തിൽ സമയമാകുമ്പോൾ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.

ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോ‍ർട്ട് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം.