ന്യൂഡൽഹി: കേരള കോണ്ഗ്രസ്-എമ്മിനെ യുഡിഎഫിൽ തിരികെയെത്തിക്കാൻ കർശന നിർദേശം നൽകിയത് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നേരിട്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനെയും കഴിഞ്ഞ ദിവസം അടിയന്തരമായി ഡൽഹിയിൽ വിളിച്ചുവരുത്തിയാണ് രാഹുൽ നിർദേശം നൽകിയതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് സൂചന നൽകി.
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങി പ്രഫ. പി.ജെ. കുര്യനും പ്രഫ. കെ.വി. തോമസും വരെയുള്ള പ്രബല നേതാക്കൾ മാണിയുടെ മടങ്ങിവരവിനെ അനുകൂലിച്ച് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അവസരമാക്കി മാറ്റണമെന്നതിലും നേതാക്കൾ ഏകാഭിപ്രായക്കാരായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് പുതിയ നീക്കത്തിന് ഹൈക്കമാൻഡിനുവേണ്ടി ചുക്കാൻ പിടിച്ചത്.
കെ.എം. മാണിയുമായി നല്ല സൗഹൃദം പുലർത്തുന്ന മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയെ മടക്കിക്കൊണ്ടുവരാനായി നേരത്തേ മുതൽ ആത്മാർഥ ശ്രമം നടത്തിയിരുന്നു.
മാണിക്കെതിരേ കേസെടുത്ത് ദുരാരോപണത്തിന് മരുന്നിട്ടത് രമേശ് ചെന്നിത്തലയാണെന്ന ആക്ഷേപം ഉള്ളതിനാൽകൂടിയാണ് മാണിയെ വീട്ടിൽ ചെന്ന് വിളിക്കാൻ ചെന്നിത്തല കൂടി ഇന്നലെ പോയതെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്പായിത്തന്നെ മുതിർന്ന നേതാക്കൾ നേരിട്ട് സംയുക്തമായി കെ.എം. മാണിയെ നേരിൽ കണ്ട് യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കണമെന്നതിൽ കോണ്ഗ്രസ് ഹൈക്കമാൻഡിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജയിക്കുകയെന്നതു യുഡിഎഫിന് വളരെ പ്രധാനപ്പെട്ടതാണ്. 2019ൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതിൽ ഒരു വീഴ്ചയും പാടില്ലെന്നും രാഹുൽ കണക്കുകൂട്ടി. ബിജെപിയെ തടുക്കാനായി മതേതര പാർട്ടികളോട് പരമാവധി വിട്ടുവീഴ്ചയും മാന്യതയും വേണമെന്ന കർണാടകയിൽ സ്വീകരിച്ച പുതിയ സമീപനത്തിന്റെ തുടർച്ചകൂടിയാണ് കേരള കോണ്ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് മടക്കിക്കൊ ണ്ടുവരാനുള്ള നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ മാണിയുടെ കേരള കോണ്ഗ്രസിനെ എൽഡിഎഫിലേക്കു കൊണ്ടുപോകുന്നതിനു മുന്പുള്ള നിർണായക നീക്കമായിരുന്നു യുഡിഎഫ് നേതാക്കളുടെ ഇന്നലത്തെ പാലാ യാത്ര. കേരള കോണ്ഗ്രസ്-എം വൈസ് ചെയർമാനായ ജോസ് കെ. മാണി എംപിയുമായി ഹൈക്കമാൻഡിലെ ഉന്നതൻ നടത്തിയ അനൗപചാരിക ചർച്ചയെത്തുടർന്നാണ് കോണ്ഗ്രസ്- കേരള കോണ്ഗ്രസ് ബന്ധത്തിൽ മഞ്ഞുരുകിയത്.
Leave a Reply