ടെക്‌സാസ്: കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസില്‍ കരതൊട്ടു. 125 മൈല്‍ വേഗതയുള്ള കാറ്റും 12 അടി വരെ ഉയരമുള്ള തിരമാലകളും ഹാര്‍വിയുടെ ഫലമായി അനുഭവപ്പെട്ടു. ഉഗ്രശേഷിയുള്ള കാറ്റഗറി 4 ചുഴലിക്കൊടുങ്കാറ്റായി ഹാര്‍വിയെ ഉയര്‍ത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ടെക്‌സാസിലും ലൂസിയാനയിലും ചില പ്രദേശങ്ങളില്‍ 90 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കുറച്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. 2005ല്‍ കത്രീന ചുഴലിക്കാറ്റുണ്ടാക്കിയ നാശത്തിനു സമാനമായിരിക്കും ഹാര്‍വിയും സൃഷ്ടിക്കുകയെന്നും പ്രവചനമുണ്ട്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് ടെക്‌സാസില്‍ നിന്ന് പലായനം ചെയ്തത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതിനു മുമ്പ് തന്നെ ജനങ്ങള്‍ പലയിടത്തു നിന്നും ഒഴിഞ്ഞു. വീടുകളുടെ സംരക്ഷണത്തിനായി പലരും മണല്‍ച്ചാക്കുകള്‍ അടുക്കിയിട്ടുണ്ട്.

ആരെങ്കിലും ഈ പ്രദേശങ്ങളില്‍ തങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ പേരും സോഷ്യല്‍ സെക്യൂരിറ്റി നമ്പറും കൈത്തണ്ടയില്‍ രേഖപ്പെടുത്തണമെന്ന് റോക്ക്‌പോര്‍ട്ട് മേയര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സാഹചര്യം അതാണ് ആവശ്യപ്പെടുന്നതെന്ന് മേയര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.