കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.
പ്രിയങ്ക ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ 8.42നും രാഹുൽ അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ 9.05നുമാണ് എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.
മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.സി. വേണുഗോപാൽ തിങ്കളാഴ്ച കോഴിക്കോട്ടെത്തിയിരുന്നു.
Leave a Reply