വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.
ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിയ്ക്കാന്‍ കേസുകളിലൂടെ വലവിരിച്ച് ബി.ജെ.പി. ഇന്ത്യയൊട്ടാകെ നിലവില്‍ 16 കേസുകളാണ് വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ഉള്‍പ്പെടെയാണിത്.
ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാത്രം രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മഹാരാഷ്ട്രയിലെ താനെയില്‍ 2014-ല്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചു. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു’, രാഹുല്‍ പറഞ്ഞതിങ്ങനെ. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ, ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടക്കാനിരിക്കുകയാണ്.
2016-ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.
2018-ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്.
2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങാനിരിക്കുകയാണ്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്‌മഭട്ട് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും നടപടി തുടരുന്നു.
കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.
വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.
മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്രമോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.
എന്നാൽ, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.
പൂർണേഷിന്റെ അഭ്യർഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.
Leave a Reply