ആലപ്പുഴ കുട്ടനാട്ടിലെ കാവാലം ചെറുകരയിലുള്ള നേതാജി നിവാസിൽ വസിക്കുന്നവരെല്ലാം ബോസുമാരാണ്. ഐ.എൻ.എ. ഭടനും സ്വാതന്ത്ര്യസമര സേനാനിയുമായ പട്ടം നാരായണന് നേതാജി സുഭാഷ് ചന്ദ്രബോസിനോടുണ്ടായിരുന്ന ആരാധനയാണ് കാരണം. നേതാജി നിവാസിലെ ഇളമുറക്കാരനും കോൺഗ്രസ് സംസ്ഥാന വക്താവുമായ അഡ്വ. അനിൽബോസിന് നേതാജിയോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ലെങ്കിലും കടുത്ത ആരാധന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികനായ അനിൽ ബോസ് യാത്ര ഉത്തരേന്ത്യയിലെത്തിയതോടെ പശ്ചിമബംഗാൾ മാധ്യമങ്ങളുടെ കൗതുകവാർത്തയിലും ഇടംപിടിച്ചു.
‘മുത്തച്ഛൻ നേതാജിയോടുള്ള ആരാധന മൂത്ത് ഐ.എൻ.എ.യിൽ ചേർന്നയാളാണ്. തന്റെ മൂത്ത മകനും ചെറുമക്കൾക്കും ബോസ് ചേർത്ത പേരദ്ദേഹം നൽകി. എന്റെ അച്ഛന് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരനായ ശരത്ചന്ദ്ര ബോസിന്റെ പേരാണ്. ബോസ് ചെറുകരയെന്നാണ് അറിയപ്പെടുന്നത്. അച്ഛനും കോൺഗ്രസ് നേതാവാണ്. അച്ഛനും മക്കളുടെ പേരിൽ ബോസ് ചേർത്തു. സഹോദരങ്ങൾ അജിത്ത് ബോസും അനീഷ് ബോസും. സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ അനിത ബോസിന്റെ പേരാണ് ഏക സഹോദരിക്ക്. വീട്ടുപേരാണെങ്കിൽ നേതാജി നിവാസ്’ -അനിൽ ബോസ് ചിരിക്കുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ സേവാദളിലൂടെയും കെ.എസ്.യു.വിലൂടെയുമാണ് അനിൽബോസ് പൊതുരംഗത്തേക്ക് വരുന്നത്. കെ.പി.സി.സി. അംഗം, അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി. വക്താവ് എന്നീ പദവികൾകൂടി വഹിക്കുന്നു. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമായ അനിൽ ബോസ്. യാത്ര പത്തുസംസ്ഥാനങ്ങൾ പിന്നിട്ട് ജമ്മുകശ്മീരിലേക്ക് പ്രവേശിക്കുമ്പോൾ ഇതിനകം യാത്രയ്ക്കു ലഭിച്ച വമ്പിച്ച ജനപിന്തുണയിൽ ആവേശഭരിതനാണ് അനിൽബോസ്. ‘‘യാത്ര കൈയും വീശിപ്പോകലായിരുന്നില്ല. ഓരോ സ്ഥലത്തും ജനകീയ സംവാദം നടത്തിയാണ് രാഹുൽജി മുന്നോട്ടുപോയത്. താഴെത്തട്ടിലുള്ളവർക്ക് വിശ്വസിക്കാനാവുന്ന രാജ്യത്തെ ഏക നേതാവിപ്പോൾ അദ്ദേഹം മാത്രമാണ്.’’ -അനിൽബോസ് പറയുന്നു.
Leave a Reply