ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിൽ നടത്തുന്ന പര്യടനം തുടരുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ചരിത്ര യാത്ര നടത്തിയതിന് പിന്നാലെ പുതിയ ലുക്കിൽ യുകെയിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം നാളെ ഇന്ത്യയിലേക്ക് മടങ്ങും. വിദ്യാർത്ഥികൾ , മാധ്യമപ്രവർത്തകർ, എന്ന് തുടങ്ങി യുകെയിലെ ഒട്ടുമിക്ക ആളുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യൻ ഡയസ്പൊര എന്ന പേരിൽ വെസ്റ്റ് ലണ്ടനിലെ ഹൗൺസ്‌ലോയിൽ ഇന്ത്യൻ പ്രവാസികളുമായി ഇന്നലെ രാഹുൽ ഗാന്ധി സംവാദം നടത്തി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ പ്രവാസികൾ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. പ്രസ്തുത പരിപാടിയിൽ പോലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിച്ചു. ഇന്ത്യൻ മണ്ണിൽ പ്രതിപക്ഷത്തെക്കുറിച്ചുള്ള ഒരു ആശയവും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരന് കേംബ്രിഡ്ജിൽ സംസാരിക്കാമെന്നും എന്നാൽ പാർലമെന്റിൽ സംസാരിക്കാനാകില്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി പ്രതിപക്ഷ ശബ്ദങ്ങളെ കേന്ദ്രസർക്കാർ നിരന്തരം അടിച്ചമർത്തുകയാണെന്നും അവകാശപ്പെട്ടു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അഭിപ്രായങ്ങൾ മാനിക്കാനും പരസ്‌പരം കേൾക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ജനാധിപത്യം നിലവിലെ സർക്കാർ നശിപ്പിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗം , ഭാരത് ജോഡോ യാത്രയുടെ പ്രാധാന്യം എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.
Leave a Reply