പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.
പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.
പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.











Leave a Reply