ബലാത്സംഗക്കേസിൽ ഒളിവിലുള്ള എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ വാദിക്കണമെന്ന ആവശ്യത്തിലാണ് പ്രോസിക്യൂഷനും പ്രതിഭാഗവും. പരാതിയിലെ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും രാഹുലിന്റെ വാദമുണ്ട്. എന്നാൽ പൊലീസ് ഇതിനകം തന്നെ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്.
ഇതിനിടെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച മറ്റൊരു ലൈംഗിക പീഡനപരാതിയും പൊലീസ് ഡിജിപിക്ക് കൈമാറി. പൊതുപരാതിയിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറെടുക്കുകയാണ്. തമിഴ്നാട്–കർണാടക അതിർത്തിയിലുള്ള ബാഗല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയും രാത്രിയിലും പരിശോധന ശക്തമാക്കിയെങ്കിലും രാഹുൽ സ്ഥലത്ത് നിന്ന് മാറിയിരുന്നു. അന്വേഷണം ഇപ്പോൾ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
തുടർപരാതികൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗൗരവമായ നടപടിയിലേക്ക് കോൺഗ്രസും നീങ്ങുന്നുണ്ട്. നിലവിൽ സസ്‌പെൻഷനിലായിരിക്കുന്ന രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സാമൂഹ്യ മാധ്യമങ്ങളിൽ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും; പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാൾ നിരാഹാര സമരം തുടരുകയാണ്.











Leave a Reply