പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് രാഹുൽ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് കണ്ടെത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടുപോകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്നു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്; ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലുമാണ് എസ്ഐടിയുടെ ലക്ഷ്യം. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങളോട് രാഹുൽ ഇന്നും പ്രതികരിച്ചില്ല. മാവേലിക്കര സബ് ജയിലിൽ നിന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിക്കെതിരെ വിവിധ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
കോടതിയിൽ എസ്ഐടി മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15-ാം തീയതി വൈകിട്ട് വരെ കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. തിരുവല്ലയിലെ ഹോട്ടലിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.











Leave a Reply