എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്(ഇ.എസ്.ഐ.) പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി ശമ്പളപരിധി 21,000 രൂപയിൽനിന്ന് 30,000 രൂപയാക്കി ഉയർത്തിയേക്കും. ഇതോടെ, രാജ്യത്ത് പുതുതായി ഒരുകോടി തൊഴിലാളികൾക്കുകൂടി പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്കുകൂടി ആനുകൂല്യം ലഭിക്കും. നിലവിൽ സംസ്ഥാനത്ത് ഏതാണ്ട് പത്തുലക്ഷം അംഗങ്ങളാണുള്ളത്.
ഇപ്പോഴത്തെ ശമ്പളപരിധി നിലവിൽവന്നത് 2017-ലാണ്. അതിനുശേഷം ശമ്പളം കൂടിയതുവഴി രാജ്യത്ത് 80 ലക്ഷത്തോളം പേർ പദ്ധതിയിൽനിന്ന് പുറത്തായി. ഏഴുവർഷത്തിനിടെ ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും ഇ.എസ്.ഐ. പരിധി ഉയർത്തിയില്ല. കഴിഞ്ഞമാസംനടന്ന ഇ.എസ്.ഐ.യുടെ സ്ഥിരംസമിതിയോഗത്തിൽ 30,000 രൂപ ശുപാർശചെയ്യാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ശമ്പളപരിധി 25,000 രൂപയാക്കാൻ 2014-ൽ നിർദേശിക്കുകയും അന്നത്തെ തൊഴിൽമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീട് 2017-ൽ വിജ്ഞാപനമിറക്കിയപ്പോൾ 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. ശമ്പളപരിധി ഉയർത്തുക എന്നതിലുപരി, പി.എഫിന്റെ മാതൃകയിൽ, ഒരിക്കൽ അംഗമായവർക്ക് ജോലിയിലുള്ളിടത്തോളം ഇ.എസ്.ഐ.യിൽ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യമെന്ന് ബോർഡ് അംഗം എസ്. ദുരൈരാജ് പറഞ്ഞു.
ഇ.എസ്.ഐ.യുടെയും ഇ.പി.എഫിന്റെയും ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.എം.എസ്. പ്രതിനിധികൾ കഴിഞ്ഞദിവസം തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുമായി ചർച്ചനടത്തിയിരുന്നു. ഇ.എസ്.ഐ. ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ അനുകൂലനിലപാടാണ് മന്ത്രി സ്വീകരിച്ചത്. ആജീവനാന്ത അംഗത്വത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല.
ശമ്പളപരിധി ഉയർത്തുന്നതുസംബന്ധിച്ച് പരിശോധിക്കാൻ ഇ.എസ്.ഐ. കോർപ്പറേഷൻ കഴിഞ്ഞവർഷം ആറംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. അതിൽ അംഗമായിരുന്ന ബി.എം.എസ്. നേതാവ് വി. രാധാകൃഷ്ണൻ, ശമ്പളപരിധി 45,000 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, 2017-നുശേഷം ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടത്.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ
ഇ.എസ്.ഐ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം പത്തുലക്ഷംരൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ തുക അനുവദിക്കും. അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിലുടമയുമാണ് നൽകേണ്ടത്. രാജ്യത്ത് 159 ഇ.എസ്.ഐ. ആശുപത്രികളുണ്ട്. അതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.
Leave a Reply