അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതനായിരുന്നുവെന്ന വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ വിവാദ പരാമര്‍ശത്തില്‍ റഷ്യ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍. ലാവ്‌റോവിന്റേത് മാപ്പര്‍ഹിക്കാത്ത വാക്കുകളെന്ന് ആരോപിച്ച ഇസ്രയേല്‍ റഷ്യന്‍ അംബാസഡറോട് വിശദീകരണം തേടി.

ഉക്രെയ്‌നിനെ നാസി മുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനിക നടപടികളെന്ന റഷ്യയുടെ അവകാശ വാദത്തെക്കുറിച്ച് ഇറ്റാലിയന്‍ ചാനലിലെ അഭിമുഖത്തില്‍ വിശദീകരിക്കുമ്പോഴാണ് ലാവ്‌റോവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ നാസി എന്ന് വിളിച്ച ലാവ്‌റോവ്‌ രാജ്യത്തിന്റെ പ്രസിഡന്റോ മറ്റ് പ്രധാനവ്യക്തികളോ ജൂതരായത് കൊണ്ട് രാജ്യത്ത് നാസി ഘടകങ്ങളില്ലെന്ന് വിശ്വസിക്കേണ്ടതില്ലെന്നും ഹിറ്റ്‌ലറിനും ജൂതവേരുകളുണ്ടായിരുന്നുവെന്നും പറഞ്ഞു. ജൂതരുടെ ഏറ്റവും വലിയ ശത്രുക്കള്‍ ജൂതരാണെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിനെതിരെയാണ് ഇസ്രയേല്‍ രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും നീചമായ ജൂതവംശഹത്യയ്ക്ക് ജൂതരെത്തന്നെ പഴിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തി. ജൂതര്‍ക്കെതിരെയുള്ള വംശീയതയുടെ ഏറ്റവും താഴ്ന്ന തലമെന്നത് ജൂതന്മാരില്‍ തന്നെ ജൂതവിരുദ്ധത ആരോപിക്കുന്നതാണെന്നും ലാവ്‌റോവിന്റെ പരാമര്‍ശം അതിരുകടന്നെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.

ലാവ്‌റോവിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് റഷ്യന്‍ അംബാസഡറെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് റഷ്യയ്‌ക്കെതിരെ കടുത്ത സ്വരത്തില്‍ ഇസ്രയേല്‍ രംഗത്തെത്തുന്നത്. ഉക്രെയ്ന്‍-റഷ്യ വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത രാജ്യമായിരുന്നു ഇസ്രയേല്‍.