വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയവര്‍ക്ക് ടെക്‌നോളജി കൊടുത്തത് എട്ടിന്റെ പണി. ഹൊസങ്കടി രാജധാനി ജൂവലറിയില്‍ നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്.

കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വാഹനമെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനം തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.

ഗൗസിനെ മുഹമ്മദിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്.

എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് ശ്രദ്ധിച്ച മുഹമ്മദിന് സംശയമേറി. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഹമ്മദ് തന്റെ ലാപ്‌ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ കാര്‍ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെ കുറിച്ചുമൊക്കെ കന്നഡയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരം.

ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് കര്‍ണാടക പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിര്‍ത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലര്‍ച്ചെ നാലോടെതന്നെ ഉള്ളാള്‍ പോലീസ് കാര്‍ പിടികൂടുകയും ചെയ്തു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.