മലയാളികളുടെ സുഖത്തിലും ദുഖത്തിലും എത്രയും പങ്കുചേർന്നു ഒരു വീട്ടുകാരനെപോലെ മലയാളികളെ ഇത്രയേറെ കരയിപ്പിച്ച മറ്റൊരു മരണവും ഈയടുത്ത് നടന്നിട്ടില്ല. അത്രയേറെയായിരുന്നു മണി തന്ന സന്തോഷങ്ങള്‍. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവമായിരുന്നു തിരശ്ശീലയില്‍ മലയാളിക്ക് മണി. ഏറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടന്‍. ജീവിതം തുറന്ന പുസ്തകമായിരുന്നു മണിക്ക്. ഇപ്പോഴിതാ കലാഭവൻമണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. മധുരവും കയ്പും നിറഞ്ഞ ആ ജീവിതകഥ സിനിമയാക്കുന്നത് മണിയെ വളർത്തിയെടുത്ത സംവിധായകൻ വിനയൻ തന്നെയാണ്. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പോയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ചിത്രത്തിൽ മണിയായി വേഷമിടുന്നത് മിമിക്രി കലാകാരനും സീരിയൽ നടനുമായ (സെന്തിൽ) രാജാമണിയാണ്. സിനിമയിലേക്ക് എത്തിയ വഴികള്‍ സെന്തിൽ എന്ന രാജാമണി പറയുന്നു

വിനയന്റെ സിനിമയിൽ നായകനായി എത്തിപ്പെട്ടതിനെ പറ്റി സെന്തിൽ പറയുന്നു

ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തിനെ വിനയൻ സാർ വിളിക്കുന്നത്. അങ്ങനെ ഞാൻ നാട്ടിലില്ലെന്ന് അറിയുകയായിരുന്നു. പുതിയ സിനിമയിൽ ‍ഒരു വേഷമുണ്ട്, നാട്ടിലെത്തിയാൽ ഉടൻ വന്നു കാണണം , അത്യാവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ ‍തിരിച്ചെത്തുന്നത്. നാട്ടിൽ എയർപോർട്ടിൽ എത്തുന്നത് രാവിലെ അഞ്ച് മണിക്കാണ്. എത്തിയ ഉടനെ ഞാൻ വിനയൻ സാറിനെ വിളിച്ചു.ഫ്രഷായിട്ടു വന്നാൽ മതിയെന്നു പറഞ്ഞു.

അങ്ങനെ സാറിനെ കാണാൻ പോകുമ്പോൾ ഏതെങ്കിലും ചെറിയ വേഷമായിരുന്നു മനസിൽ. നമുക്ക് പറ്റിയ ചെറിയ വേഷമുണ്ടോയെന്നു ചോദിച്ചപ്പോൾ പുതിയ സിനിമയിൽ നായകനായ കലാഭവൻ മണിയുടെ റോൾ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞു. സാറേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുന്‍പ് ജയസൂര്യ ചേട്ടനാണ് ഉൗമപ്പെണ്ണിലേക്ക് നായകനാക്കാൻ വിളിച്ചപ്പോൾ ഇങ്ങനെ കരഞ്ഞതെന്ന് വിനയൻ സാർ പറഞ്ഞു

ഒരു സീരിയൽ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിർദേശിക്കുന്നത്. സാറിനും അഭിനയം കണ്ട് ഇഷ്ടപ്പെട്ടു. അതിൽ ഒാരോ ദിവസവും ഒാരോവിഷയമാണ്. അപ്പോൾ തമാശയും ദു:ഖവും ഒരുപോലെ അഭിനയിക്കാനുണ്ട്, അതുകണ്ടിഷ്ടപ്പെട്ടാണ് സാർ വിളിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിമിക്രി ഒക്കെ ചെയ്യുമെങ്കിലും ഇതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ വിനയൻ സാറിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ഛായ ഇല്ല, അനുകരിച്ചിട്ടില്ല, അപ്പോൾ എനിക്ക് സാധിക്കുമോ എന്ന്. എനിക്ക് അയാളുടെ രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരാളെയാണ് വേണ്ടതെന്നാണ് അന്ന് സാർ പറഞ്ഞത്. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നയാളായിരുന്നു കലാഭവൻ മണി. അതുപോലെ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന ഒരാളെയാണ് വേണ്ടതെന്നാണ് സാർ പറഞ്ഞത്.

പന്ത്രണ്ട് കിലോയോളം കൂട്ടി. പിന്നെ കലാഭവൻ മണി അദ്ദേഹത്തിന്റെ കൂടുതൽ സിനിമകൾ കണ്ടു. അദ്ദേഹത്തിന്റെ ജീവിതം അടുത്ത് മനസിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പ്രത്യേകമായി ചെയ്തിരുന്ന കുറച്ച് കോമഡികൾ ഉണ്ടായിരുന്നു. ‌‌‌കുരങ്ങ്, എലി, തുടങ്ങിയവയെ അനുകരിക്കുക. കൂടാതെ ആനയുടെ നടപ്പ് ‌തുടങ്ങിയപ്രത്യേക കാര്യങ്ങൾ പഠിച്ചു.

ഞാൻ ‍ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.

വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.

വിവാദങ്ങളെ ഭയപ്പെടുന്നില്ല , കാരണം അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലർത്തിയാണ് പടമെടുത്തിട്ടുള്ളത്. ഇത് മുഴുവനായും അദ്ദേഹത്തിന്റെ ജീവിതകഥയല്ല. സിനിമ ഏപ്രിൽ ആദ്യത്തോടെ റിലീസ് ചെയ്യും. ഇപ്പോൾ ഡബ്ബിങ്ങ് നടക്കുകയാണ്. ഹണി റോസും പുതിയ രണ്ട് നായികമാരുമാണ് ചിത്രത്തിലുള്ളത്.