ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ് ബ്രിട്ടണിൽ ജനിച്ചുവളർന്ന മലയാളിയാണ്.
ഡെൻമാർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ഒന്നാംനമ്പർ താരവും ലോകറാങ്കിംങ്ങിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെൻമാർക്കിന്റ ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകൾക്ക് 21-19, 21-19 ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യൻപട്ടം അണിഞ്ഞത്. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനവുമായി.
ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ബ്രിട്ടനാണ് കിരീടം. താരദമ്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ഡബിൾസിലും കിരീടമണിഞ്ഞതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഡബിൾസിൽ ബ്രിട്ടൺ കിരീടനേട്ടം കൈവരിക്കുന്നത്.
1990ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടണുവേണ്ടി അവസാനമായി യൂറോപ്യൻ ചാമ്പ്യൻപട്ടം നേടിയത്. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാമ്പ്യൻപട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ എട്ടു ടൂർണമെന്റുകളിൽ ഡെന്മാർക്കിന്റെ കുത്തകയായിരുന്ന പുരുഷവിഭാഗം സിംഗിൾസ് കിരീടമാണ് രാജീവിലൂടെ ബ്രിട്ടൺ സ്വന്തമാക്കിയത്. ഇത് മലയാളി ബന്ധങ്ങൾ ഏറെയുള്ള ഈ യുവ കായികപ്രതിഭയുടെ വ്യക്തിഗത നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ്. മുൻപ് രണ്ടുവട്ടം ബ്രിട്ടണ് ഒളിമ്പിക്സിലും പലതവണ കോമൺവെൽത്ത് ഗെയിംസിലും പ്രതിനീധീകരിച്ചിട്ടുള്ള രാജീവിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കിരീടമാണ്.
നിരവധി തവണ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുള്ള രാജീവ് ഔസേപ്പ് ബംഗലുരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽനിന്നും പരിശീലനവും നേടിയിട്ടുണ്ട്.
Leave a Reply